മരുഭൂമിയിലെ കോടയും ആലിപ്പഴ മഴയും തേടി
-------------------------------------------------------------------------
പെരുന്നാളിന് ഫാമിലിയുടെ കൂടെ അബഹ വരെ പോവാം എന്ന് കുറെ മുന്നേ തന്നെ പ്ലാന്‍ ചെയ്തതായിരിന്നു. പെരുന്നാള്‍ ലീവ് കുറച്ച് അദികം ദിവസം ലഭിക്കുകയും കൂടി ചെയ്തതോടെ കഴിഞ്ഞ ശനിയാഴ്ച ജിദ്ദയില്‍ നിന്നും അബഹയിലേക്ക് വെച്ച് പിടിച്ചു. രണ്ട് കാറുകളിലായി ഞങ്ങള്ഒന്പത് പേര്.കൂടാതെ മറ്റൊരു ഫാമിലി അവരുടെ കാറിലും. ജിദ്ദയില്‍ നിന്നും 625 കിലോമീറ്റര്‍. ജിദ്ദ - അല്‍ ലൈത്ത് - ഖുന്‍ഫുദ - മുഹായില്‍ - അല്‍ജര്‍ഫ് - അല്‍ ഖുസ് - സൂദ - അബഹ ഇങ്ങനെയായിരിന്നു ഞങ്ങളുടെ റൂട്ട്.
ജിദ്ദയില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ പ്രാര്‍ഥനക്കും ഭക്ഷണത്തിനുമായി ഞങ്ങള്‍ ഒരു പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തി, പ്രാര്‍ഥനക്ക് ശേഷം ഭക്ഷണം കഴിക്കാനായി ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്തിരുന്നതിന് അടുത്തായി ഞങ്ങളുടെ കാറുകള്‍ നിര്‍ത്തി, നല്ല വെയിലായത് കൊണ്ട് തന്നെ ട്രയിലറിനു അടുത്തായി അല്‍പ്പം തണല്‍ ലഭിക്കാന്‍ വേണ്ടി ആണ് കാറുകള്‍ അടുപ്പിച്ച് നിറുത്തിയത്. ഭക്ഷണം കഴിക്കല്‍ കഴിഞ്ഞു അവിടെ നിന്നും പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രെയിലര്‍ പെട്ടന്ന് മുന്നോട്ട് നീങ്ങിയത്, ട്രെയിലര്‍ നീങ്ങിയതും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാമിലിയുടെ ടൊയോടകാമിരിയുടെ തുറന്നു വെച്ചിരുന്ന ഡോര്‍ ട്രയിലാറില് ഉടക്കുകയും ട്രെയിലര്‍ അതുമായി മുന്നോട്ട് പോവുകയും ചെയ്തു. വലതുവശത്തെ പിറകിലെ ഡോര്‍ മുഴുവനായും ഡാമേജ് ആയി , ഡോര്‍ പോയെങ്കിലും തൊട്ടടുത്ത് നിന്നിരുന്ന സുഹൃത്തിന്റെ ഭാര്യ ഒന്നും പറ്റാതെ രക്ഷപെട്ടതിനു ദൈവത്തോട് നന്ദി പറഞ്ഞു. എന്തായാലും ആ കാര്‍ വെച്ച് അവര്‍ക്ക് ഞങ്ങളുടെ കൂടെ യാത്ര തുടരാന്‍ കഴിയില്ല. തകര്‍ന്ന ഡോര്‍ ഒരുവിധം അടച്ച് ഉടഞ്ഞ ഗ്ലാസിനുപകരം കാരബോര്ടുകള് കൊണ്ട് അടച്ച് അവരെ ജിദ്ദയിലേക്ക് തിരിച്ചയച്ചു ഞങ്ങള്‍ യാത്രതുടര്‍ന്നു.
ഈസംഭവത്തോടെ ഞങ്ങളുടെ പ്ലാനിങ്ങില്‍ നിന്നും രണ്ട് മണിക്കൂറുകള്‍ ആണ് നഷ്ട്ടപെട്ടത്, കൂടാതെ അല്‍ ലൈത്തിലെക്കുള്ള പാത മുഴുവന്‍ മണല്‍ കാറ്റ് കൊണ്ട് വ്യക്തമായി ഒന്നും കാണാന്‍ കഴിയാത്ത അവസ്തയായിരിന്നു. ഞങ്ങള്‍ കണക്കുകൂട്ടിയ ടൈമിംഗ് എല്ലാം പാളിയ നിമിഷം, കേട്ടറിഞടത്തോളം അബഹ ചുരം പ്രയാസകരമായ ഒന്നാണ്, നേരം ഇരുട്ടുന്നതിനു മുന്നേ ചുരം കയറണം എന്നായിരിന്നു ലക്ഷ്യം. പക്ഷെ അത് നടക്കില്ല എന്ന് അല്‍ ലൈത്തില്‍ എത്തിയപ്പോഴേ മനസ്സിലായി.
ലൈത്തും ഖുന്‍ഫുദയും മുഹായിലും അല്‍ ജര്ഫും കഴിഞ്ഞ് അടിവാരമായ അല്‍ ഊസ്എത്തുമ്പോള് സമയം രാത്രി 8.30, ജിദ്ദയെ അപേക്ഷിച്ച് അല്‍ ഊസില് ചൂട് കുറച്ച് കുറവുണ്ട്. അല്‍ ഊസിലെ പമ്പില്‍ നിന്നും പെട്രോള്‍ ഫുള്‍ ആക്കി ചുരം കയറാന്‍ തുടങ്ങി, ഇരുപത്തിഅഞ്ചോളം കുത്തനെയുള്ള ഹെയര്‍പിന്‍ വളവുകളും മറ്റു ചെറിയ വളവുകളും കടന്നു വേണം സമുദ്ര നിരപ്പില്‍ നിന്നും 9440 അടി മുകളില്‍ എത്താന്‍.
പറഞ്ഞു കേട്ടതിനേക്കാള്‍ എത്രയോ മുകളില്‍ ആണ് അബഹ ചുരം എന്ന് കയറാന്‍ തുടങ്ങിയപ്പോഴേ മനസ്സിലായി, നാല് ഹെയര്‍പിന്‍ പിന്നിട്ടപ്പോള്‍ അവിടെ ട്രക്കുകള്‍ക്ക് പ്രവേശനം നിരോധിച്ച് കൊണ്ടുള്ള ബോര്‍ഡ് കണ്ടു. പിന്നീട് വരുന്ന ചുരം ശെരിക്കും ഞെട്ടിച്ചു, കുത്തനെ മുകളിലേക്കുള്ള വളവു, മുന്നിലെ റോഡിനു പകരം ആകാശം കാണാം. ആ വളവ് കൂടി കടന്നതോടെ മുന്നോട്ടുള്ള പാതയില്‍ വഴിവിളക്കുകള്‍ ഇല്ല. ഇരുട്ടും പരിജയമില്ലാത്ത റോഡും ചെങ്കുത്തായ വളവുകളും ചുരം ഇറങ്ങി വരുന്ന മറ്റു വാഹനങ്ങളും കാറില്‍ അതുവരെ ഉണ്ടായിരുന്ന ഒരുഅന്തരീക്ഷത്തിനു മാറ്റം വന്നു, തികച്ചും നിശബ്ധത. അക്സിലേറ്ററില്‍ ഞാന്‍ കൊടുക്കുന്ന പ്രഷറിനോട് എഞ്ചിന് പ്രതികരിക്കാന്‍ തുടങ്ങുന്നത് എനിക്ക് മനസ്സിലായി തുടങ്ങി, തണുപ്പ് കൂടാനും ചെവികള്‍ കൊട്ടിയടക്കാനും തുടങ്ങി. ഓരോ ഹെയര്‍പിന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഉയരം ഏകദേശം അറുപത് മുതല്‍ നൂറ്റിനാല്‍പ്പത് അടിവരെ ആണ്, (തിരിച്ചു വന്നുഗൂഗിള് എര്‍ത്ത് നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്) .ചുരങ്ങള്‍ പലതും കയറിയിട്ടുണ്ടെങ്കിലും ചുരം ഒരു അത്ഭുതമായി തോന്നിയത് അബഹ ചുരം കയറിയപ്പോഴാണ്.
വഴി വിളക്കുകള്‍ ഇല്ലാത്തതിനാലും രാത്രിയുടെ ഇരുട്ട് ഉള്ളതിനാലും കാഴ്ച്ചകൊണ്ട് ചുരത്തിന് ഞങ്ങളെ പേടിപ്പികാനായില്ല. സമയം ഒന്‍പതര ആയപ്പോള്‍ ഞങ്ങള്‍ ചുരം കയറി മുകളില്‍ എത്തി, കാറിന് റെസ്റ്റ് കൊടുക്കാനും ഞങ്ങള്‍ക്ക് നമസ്ക്കാരത്തിനുമായി ഞങ്ങള്‍ കാര്‍ സൈഡ് ആക്കി. ജിദ്ദയിലെ ചൂട് കൊണ്ട് മടുത്ത ഞങ്ങളുടെ ശരീരത്തിലേക്ക്ഐസ് വാട്ടര്‍ ചലഞ്ച് നടത്തിയപ്പോലെയായി അവിടത്തെ തണുപ്പ്. നമസ്ക്കാരത്തിനായി അംഗശുദ്ധി നടത്താന്‍ നോക്കിയപ്പോള്‍ കൈകള്‍ തണുത്ത് കോച്ചാന്‍ തുടങ്ങി. അബഹയില്‍ ഞങ്ങളെ കാത്തിരിക്കുന്ന തണുപ്പിന്റെ ഏകദേശ രൂപം തെളിഞ്ഞു.
നേരെത്തെ ബുക്ക് ചെയ്തിരുന്ന റൂമിലേക്ക് ഞങ്ങള്‍ പോയി, പെരുന്നാള്‍ സീസന് ആയത് കൊണ്ട് തന്നെ റൂമുകള്‍ക്ക് അത്യാവശ്യം തിരക്കും വിലയും ഉണ്ട് എല്ലായിടത്തും. രണ്ട് ബെഡ്റൂമുകളും ഒരു സിറ്റിംഗ് ഏരിയയും കിച്ചനും ബാത്രൂമുകളും അടങ്ങുന്ന ഒന്നിന് ഇരുന്നൂറ്റിഅന്‍പത് റിയാല്‍ ആണ് ഒരു ദിവസത്തേക്ക് വാടക. നല്ല വൃത്തിയുള്ള സൌകര്യമുള്ള റൂം. ഭക്ഷണം കഴിച്ചു എല്ലാരും നേരെത്തെ കിടന്നു. രാവിലെ നേരെത്തെ സാധാരണയായി ഐസ് മഴ ഉണ്ടാകാറുണ്ട് എന്ന് അവിടെയുള്ളവര്‍ പറഞ്ഞു അത്കൊണ്ട് തന്നെ അത് കാണാന്‍ വേണ്ടി നേരെത്തെ എനീക്കെണ്ടാതിനാല് നേരെത്തെ കിടന്നു.തണുപ്പ് ബ്ലാങ്കറ്റിനുള്ളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി. സുഖമായ ഉറക്കം.
കാലത്ത് നേരെത്തെ എണീറ്റപ്പോള്‍ കോട നിറഞ്ഞു നില്ക്കുന്നു, തണുപ്പിനോട് ശരീരം ഇഴുകി വരുന്നതെ ഉള്ളൂ, ഓവര്‍ കൊട്ടും എടുത്തിട്ട് പുറത്തിറങ്ങി , ഒന്ന് രണ്ട് മീറ്റരിനപ്പുരത്തെക്ക് വ്യകത്തമായി ഒന്നും കാണാന്‍ കഴിയാത്ത അത്രയും കോട. പക്ഷെ ഐസ് മഴ മാത്രം ഉണ്ടായില്ല. തണുപ്പത്ത് മൂടിപിടിച്ചു കിടന്നുറങ്ങാന്‍ നല്ല രസമായത് കൊണ്ട് വീണ്ടും റൂമിലേക്ക് കയറി, പിന്നീട് ഒന്‍പത് മണിക്കാണ് എണീക്കുന്നത്. കുളിക്കാന്‍ ഹീട്ടരില് വെള്ളം ഉണ്ടായത് കൊണ്ട് കുളി നടന്നു അല്ലങ്കില്‍ കുളിപോയിട്ട് കൈ കഴുകാന്‍ പറ്റാത്ത അവസ്തയായിരിന്നു.
അബഹയിലെ അല്‍ സൂദ എന്ന സ്ഥലമായിരിന്നു ഞങ്ങളുടെലൊക്കേഷന്. ചുരത്തിന് മുകളില്‍ നിന്നും താഴെ വരെ പോകുന്ന റോപ് വെ , സൂയിസൈഡ് പോയിന്റുകള്‍, ട്രാക്കിംഗ് എരിയകള്‍, കോടഇറങ്ങുന്ന താഴ്വരകള്‍, കുന്നുകള്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ അങ്ങനെ കുറച്ച് സംഭവങ്ങാല് ആണ് സൂദയില്‍ ഉള്ളത്, എല്ലാറ്റിനും മുകളില്‍ സൂദയിലെ കാലാവസ്ഥ അനുഭവിക്കുക എന്നതാണ്.
സൂയിസൈഡ് പോയിന്റില്‍ ചിലപ്പോള്‍ പാരാഗ്ലൈടിംഗ് ഉണ്ടാവാരുണ്ടാത്രേ, കോട അധികമായി കാഴ്ച മറയുമ്പോള്‍ താല്‍ക്കാലികമായി നിറുത്തി വെക്കും, ഞങ്ങള്‍ ചെന്ന സീസന് കോടയുടെ ആയത് കൊണ്ട് പാരാഗ്ലൈടിംഗ് കണ്ടില്ല. സൂയിസൈഡ് പോയിന്റില്‍ മേഘങ്ങള്‍ ഇറങ്ങി വന്നപോലെ ആയിരിന്നു, കോട പുണര്‍ന്നു നല്കുന്ന കുളിരില്‍ ഞങ്ങള്‍ അവിടെ ഒരുപാട് സമയം ചിലവഴിച്ചു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കസിന്‍സ് മാത്രം ഒന്ന് പുറത്തിറങ്ങി. കാട്ടിലേക്കുള്ള ഒരു വഴി കണ്ടു അതുവഴി വെച്ച് പിടിച്ചു. കുറച്ച് ദൂരം ചെന്നപ്പോള്‍ റോഡിന്റെ അവസ്ഥ മോശമായി, ഞങ്ങള്‍ കാര്‍ സൈഡ് ആക്കി ഇറങ്ങി നടന്നു. വളഞ്ഞു പുളഞ്ഞു താഴോട്ടു പോകുന്ന റോഡിനെ ഞങ്ങള്‍ ക്രോസ് ചെയ്തു ഇറങ്ങാന്‍ തുടങ്ങി. വഴിയില്‍ ഒരു വലിയ ടാങ്ക് കണ്ടു അതില്‍ കയറി ഫോട്ടോ എടുക്കാന്‍ തുടങ്ങി. താഴെ നിന്നും കോട ശക്തിയായി വരാന്‍ തുടങ്ങി, സമയം മൂന്നു മണി ആണങ്കിലും തണുപ്പ് കൂടുന്നു, കോട നിറഞ്ഞു ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാതെ ആയി, കോടക്കിടയിലൂടെ സൂര്യന് പതിയെ തലയുയര്‍ത്തി നോക്കി തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ചെറിയ തുള്ളികളായി മഴ പെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ തിരിച് കാറിനടുത്തേക്ക് ഓടി, പെടുന്നനെ മഴതുള്ളികള്‍ക്ക് കനം വെച്ച് തുടങ്ങി, അതെ ആലിപ്പഴം വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഐസ് മഴ തലയിലും മുഖത്തും വന്നു പതിക്കുന്ന ആലിപ്പഴങ്ങള്‍ നല്ല വേദന സമ്മാനിച്ചാണ് നിലം തൊടുന്നത്. റോഡിലും മണ്ണിലും മുല്ലപ്പൂ വിതറിയ പോലെ ആലിപ്പഴങ്ങള്‍ നിറഞ്ഞു. വേദനയുണ്ടാന്കിലും ആലിപ്പഴ മഴ ഞങ്ങള്‍ നിന്ന് കൊണ്ട്. രണ്ടോ മൂന്നോ മിനുറ്റ് മാത്രമേ ഉണ്ടായി എങ്കിലും ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ആധ്യമായിട്ടായിരിന്നു. ഞങ്ങളെ തിരഞ്ഞു സൂയിസൈഡ് പോയിന്റിലേക്ക് പോയ മറ്റു ഫാമിലി മേമ്ബെര്സിനു ഈ ആലിപ്പഴ മഴ മിസ്സ് ആയി, ഞങ്ങള്‍ നിന്നിടുന്നിടട്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് ആലിപ്പഴം പോയിട്ട് ഒരു തുള്ളി പോലും വീണിട്ടില്ല.
സൂയിസൈഡ് പോയിന്റിന്റെ തൊട്ടപ്പുറത്തുള്ള മലയിലേക്കുള്ള റോഡിലൂടെ കുറച്ച് പോയി നോക്കി, പരന്നു കിടക്കുന്ന ചെറിയ ചെറിയ മരങ്ങള്‍ അവയ്ക്ക് കീഴെ ഒക്കെ ഓരോ ഫാമിലികള്‍, ടെന്റ് കെട്ടിയും പുതപ്പ് വലിച്ചു കെട്ടിയും അവിടെ കൂടിയിരിക്കുന്നു. നല്ല വെയിലുന്ടെങ്കിലും ഒട്ടും ചൂടില്ല, നല്ല തണുപ്പ് വെയിലില്‍ തണുപ്പ് കൊണ്ട് അങ്ങനെ സൊറ പറഞ്ഞിരിക്കാം.
സൂയിസൈഡ് പോയിന്റുകള്‍ എല്ലായിടത്തും മരണത്തെ പുല്കാറുണ്ട് എന്ന് ഇവിടെ നിന്ന് നോക്കിയപ്പോള്‍ മനസ്സിലായി അഞ്ചോളം കാറുകള്‍ ആണ് താഴെ തകര്‍ന്നു കിടക്കുന്നത്, ചിത്രങ്ങള്‍ സൂം ചെയ്ത് നോക്കിയാല്‍ ചിലവ കാണാം. തനിയെ ഓടിചിരക്കിയതോ അതോ അബദ്ധത്തില്‍ വീണതോ എന്തായാലും കാറുകള്‍ തവിടുപോടിയായിട്ടുണ്ട്.

റോപ് വെ കയറാന്‍ പോയപ്പോള്‍ കോട കൊണ്ട് ഒന്നും കാണാന്‍ ഇല്ല, ഒരാള്‍ക്ക് എണ്‍പത് റിയാല്‍ ആണ് ചാര്‍ജ് ഒരു മണിക്കൂര്‍ താഴേക്കും ഒരു മണിക്കൂര്‍ തിരിച്ചു മുകളിലേക്കും, കാഴ്ചകള്‍ കാണാന്‍ കഴിയില്ല എന്നത്കൊണ്ട് തന്നെ ഞങ്ങള്‍ റോപ് വെ ഒഴിവാക്കി, റോപ് വെ ക്ക് അടുത്തായി മരങ്ങള്‍ക്ക് അടിയിലായി ഇരിപ്പിടങ്ങളും മറ്റും സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്, വ്യൂ പോയിന്റില്‍ ടെലസ്കൊപ് വെച്ചിട്ടുണ്ട്. സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ അബഹ മുന്‍സിപ്പാലിറ്റി നല്ലവണ്ണം ശ്രദ്ധിച്ചിട്ടുണ്ട്, വൃത്തിയുള്ള സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ അങ്ങിങ്ങായി വൃത്തിയുള്ള ടോയിലറ്റുകള്‍, ഇരിക്കാന്‍ മരങ്ങള്‍ കൊണ്ടുള്ള ബെഞ്ചുകള്‍ തണലേകാന്‍ അവയ്ക്ക് ചുറ്റും പടര്‍ന്നു നില്ക്കുന്ന ചെറിയ മരങ്ങള്‍ അങ്ങനെ അങ്ങനെ. ധാരാളം കുരങ്ങന്മാര് ഉണ്ട്. നാട്ടിലെ പോലെ തന്നെ സഞ്ചാരികള്‍ ഇട്ടു കൊടുക്കുന്നവ കഴിക്കാന്‍ നില്‍ക്കുന്നുണ്ട് പലതും, പക്ഷെ നാട്ടിലെ പോലെ അടുത്തു വരാന്‍ ഇവക്കു പേടിയാണ്, അതിനിടയില്‍ ഒരു കുരങ്ങന് സഞ്ചാരികളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, അക്രമ സ്വഭാവം കാട്ടുന്ന ആ കുരങ്ങിനോപ്പം മറ്റൊരു കുരങ്ങനും അതിന്റെ കയ്യില്‍ മൂന്നോ നാലോ ദിവസം പഴക്കമുള്ള കുഞ്ഞിന്റെ ജഡവും ഉണ്ട്. ചത്ത കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ആ അമ്മ മനസ്സ് കണ്ടപ്പോള്‍ ചോര കുഞ്ഞുങ്ങളെ യാതൊരു മടിയും ഇല്ലാതെ ചവറ്റുകോട്ടയില്‍ തള്ളുന്ന നമ്മുടെ നാട്ടിലെ ചിലരെ ഓര്‍ത്ത് പോയി,
രണ്ട് ദിവസത്തെ അല്‍ സൂദ കറക്കത്തിനു ശേഷം തിങ്കളാഴ്ച അഞ്ച്മണിയോടെ ഞങ്ങള്‍ അബഹയോടു യാത്ര പറഞ്ഞു. ഇരുട്ട് കയറുന്നതിനു മുന്നേ ചുരം ഇറങ്ങാന്‍ ആയിരിന്നു നേരെത്തെ ഇറങ്ങിയത്. വഴിയില്‍ നല്ല കോട ഉണ്ടായിരുന്നങ്കിലും ചുരത്തില്‍ കോടയുടെ ശല്യം ഉണ്ടായില്ല. പകല്‍ വെളിച്ചത്തില്‍ ചുരം ഇറങ്ങുമ്പോഴാണ് ചുരത്തിന്റെ ഭീകരത ഞങ്ങള്‍ തിരിച്ചറിഞ്ഞത്. പപ്പു പറഞ്ഞ പോലെ അപ്പുറത്തും ഇപ്പുറത്തും അലാക്കിന്റെ കുയി അല്ലെ കുയി. ചുരം ഇറങ്ങി താഴെ എത്തിയതും കാലാവസ്ഥ പാടെ മാറി. രണ്ട് ദിവസംതണുത്ത് കിടന്നിരുന്ന ശരീരവും മനസ്സും ചൂട് ഏറ്റു വാങ്ങാന്‍ തുടങ്ങി. ഇനി ജോലി തിരക്കുകളും പൊള്ളുന്ന ചൂടും പൊള്ളുന്ന മനസ്സുമായി വീണ്ടും
അടുത്ത പെരുന്നാള്‍ ഒഴിവിലെക്കായി കണക്കുകൂട്ടി തുടങ്ങണം.
--------------------------------------------------------------------------------
ജിദ്ദ-അബഹ റൂട്ട്
ജിദ്ദയില്‍ നിന്നും 625 കിലോമീറ്റര്‍. ജിദ്ദ - അല്‍ ലൈത്ത് - ഖുന്‍ഫുദ - മുഹായില്‍ - അല്‍ജര്‍ഫ് - അല്‍ ഖുസ് - അല്‍ സൂദ - അബഹ
--------------------------------------------------------------------------------
ഫാഇസ് കിഴക്കേതില്‍