Followers

2.11.14

വയനാടൻ യാത്ര

വീണ്ടും ഒരു വയനാടന്‍ യാത്ര
-------------------------------------------
വയനാട് , ഓരോ തവണയും മുഴുവനാക്കാതെ തിരികെ പോരാറുള്ള വയനാട്ടിലേക്ക് ഇത്തവണയും ഒന്ന് പോയി. ഇത്തവണ എല്ലാം ഓടി എത്തണം എന്ന ഞങ്ങളുടെ ആഗ്രഹം വീണ്ടും സ്വപ്നങ്ങളായി അവശേഷിക്കുകയാണ് ഉണ്ടായത്. മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും വിപരീതമായി ഒരു ലക്ഷ്യ സ്ഥാനത്ത് നിന്നും മറ്റൊരിടത്തേക്ക് കുറഞ്ഞത്‌ 15 km ദൂരം എങ്കിലും കാണും മാത്രമല്ല എല്ലാം വേറെ വേറെ വഴികള്‍ കൂടി ആണ്. അത് കൊണ്ട് തന്നെ എല്ലാം ഒറ്റ ദിവസം ഓടി എത്തുക എന്നത് ഒരു അതി മോഹം തന്നെയാണ്.
എന്തായാലും ഞാനും മറ്റു അഞ്ചു സുഹൃത്തുക്കളും കൂടി ഒരു 6 മണിയോട് കൂടി യാത്ര പുറപെട്ടു, വഴിയില്‍ നിന്ന് നല്ല മത്തി കറിയും ദോശയും പൊറോട്ടയും കയറ്റി വിശപ്പിന്റെ വിളിക്ക് അറുതി വരുത്തി, നേരം 8.30 നോട് കൂടി അടിവാരത്തു എത്തി, കുറച്ചു ഫ്രൂട്സും  വാങ്ങി ചുരത്തിലോട്ടു . ആദ്യ വളവു തിരിഞ്ഞപ്പോള്‍ തന്നെ ഞാന്‍ കാര്‍ സൈഡ് ആക്കി ഒതുക്കി , സൈഡ് ആക്കിയതും സംസാരത്തില്‍ മുഴുകിയിരുന്ന കൂട്ടുകാര്‍ കണ്ണുകള്‍ പുറത്തോട്ടു പായിച്ചു, നിര നിരയായി നിരത്തി വെച്ച ചില്ല് ഭരണികളില്‍ ഞങ്ങളെ നോക്കി കൊണ്ട് മാങ്ങയും ക്യാരറ്റും നെല്ലിക്കയും ബീട്രൂട്ടും പൈനാപ്പിളും അങ്ങനെ എന്തെല്ലാമോക്കെയോ . എല്ലാവരും ചാടി ഇറങ്ങി അവരവര്‍ക്ക് വേണ്ടത് എടുത്തു കഴിക്കാന്‍ തുടങ്ങി. നല്ല പാകമായ നെല്ലിക്ക സുര്‍ക്കയും ഉപ്പും പിന്നെ വയനാട്ടിലെ നല്ല കാ‍ന്താരി മുളകും ചേര്‍ത്ത ലായനിയില്‍ കിടക്കുന്നതില്‍ നിന്ന് നല്ല ഒരെണ്ണം എടുത്തു ഞാന്‍ കടിച്ചു , വായിലെ ഏതോ കോണില്‍ നിന്നും ഉറവ പൊട്ടി ഒഴുകിയപോലെ ആ രുചി ഞാന്‍ അതിനോടൊപ്പം നുണഞ്ഞു. വഴിയില്‍ നിന്ന് കഴിക്കാന്‍ രണ്ടെണ്ണം അതികം കരുതാനും മറന്നില്ല . ബാറ്ററി വാട്ടറും മറ്റും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇവ നല്ലതല്ല എന്ന് നമ്മള്‍ പഠിച്ചാലും അവ കണ്ടാല്‍ വായിലൂടെ ഓടുന്ന കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സ്ഥലമില്ലാതെ വരും എന്നതാണ് പ്രശ്നം.
ചുരം കയറി പോകുന്നിടക്ക് ഒറ്റയായും കൂട്ടമായും കുടുംബമായും നിന്നിരുന്ന കുരങ്ങുകള്‍ എന്നത്തെയും പോലെ നല്ല കാഴ്ചയായിരിന്നു . ബിസ്കറ്റും മറ്റും കുരങ്ങുകള്‍ക്ക് റോട്ടിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചില കാഴ്ചകള്‍ കണ്ട് , കൊടുക്കുന്നു എങ്കില്‍ അരികിലേക്ക്  ഇട്ടു കൊടുക്കുക എന്നല്ലാതെ റോഡിലേക്ക് എറിയുമ്പോള്‍ അവ എടുക്കാനായി റോഡില്‍ കയറുമ്പോള്‍ വാഹനങ്ങള്‍ തട്ടി പലതും ചത്തു പോകുന്നു, ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഒന്നാണിത്.
സമയം പത്തോട് കൂടി ഞങ്ങള്‍ പൂക്കോട് തടാകത്തിനടുത്തെത്തി, പ്രവേശന ടിക്കട്റ്റ് എടുക്കുമ്പോള്‍ അവിടെ അട്ടകള്‍ ഉണ്ട് ശ്രദ്ധിക്കുക എന്ന ബോര്‍ഡ് കാണാന്‍ ഇടയായി, പിന്നീട് കുറച്ചു സമയത്തേക്ക് ഞങ്ങള്‍ അട്ടകളെ സൂഷ്മമായി നിരീക്ഷിക്കുകയായിരിന്നു, ഒരു മുന്‍കരുതലായി കാറില്‍ ഉണ്ടായിരുന്ന സിഗരറ്റ് ലാംബ് എടുക്കുകയും ചെയ്തു. വാല്‍പാറ  ട്രിപ്പില്‍ പാരയായ അട്ടകളെ ഒന്ന് സൂക്ഷിക്കാതിരിക്കുക എങ്ങെനെ ?
അവിടെ നിന്നും 3 പെടല്‍ ബോട്ടുകള്‍ എടുത്തു ഞങ്ങള്‍ തടാകത്തിലൂടെ ചുറ്റി , കാലങ്ങള്‍ എത്ര കഴിഞ്ഞാലും തടാകത്തില്‍ കൂടി വരുന്ന പായലുകള്‍ അല്ലാതെ വേറെ ഒരു മാറ്റവും എന്റെ ശ്രദ്ധയില്‍ പെട്ടില്ല , 20 മിനുറ്റ് തികച്ചു തിരികെ പോരുംബോഴേക്കും അല്പം ക്ഷീണമൊക്കെ ആയി തുടങ്ങിയിരിന്നു, തലേ ദിവസം പെയ്ത മഴയുടെ ഒരു ലക്ഷണവും ഇല്ലാതെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെ ചൂട്  ചെറുതായി വന്നു തുടങ്ങിയിരിക്കുന്നു. അവിടം വിടുന്നതിനു മുന്നേ ഓരോ ഐസ്ക്രീമും അകത്താക്കി.
അടുത്ത ലക്‌ഷ്യം ബാണാസുര ഡാമോ സൂചിപ്പാറയോ ! കുളിക്കാനുള്ള മുന്‍കരുതലുകള്‍ നേരെത്തെ എടുത്തിരുന്നതിനാല്‍ സൂചിപ്പാറ പോകാം എന്ന തീരുമാനത്തില്‍ എത്തി ഞങ്ങള്‍ . സൂചിപ്പാറയിലേക്ക് എന്റെ ആദ്യത്തെ പോക്കും ആയിരിന്നു. വ്യക്തമായ ദിശ കാണിക്കുന്ന ബോര്‍ഡുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍ പെട്ടു , നിരന്തരം നിര്‍ത്തി ചോദിച്ചു പോകേണ്ട ഒരു അവസ്ഥ . ഒടുവില്‍ സൂചിപാറ വാട്ടര്‍ഫാള്‍സ് എന്ന ബോര്‍ഡ് കണ്ട് സായൂജ്യമടയാനായി. മോന്നോട്ടുള്ള റോഡിന്റെ അവസ്ഥ കണ്ടപ്പോള്‍ അരികിലായി നിര്‍ത്തിയ കാറുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒരു സ്ഥലം കണ്ടെത്തി കാര്‍ പാര്‍ക്ക് ചെയ്തു. നേരെത്തെ കരുതിയിരുന്ന വസ്ത്രങ്ങള്‍ മാറി മുന്നോട്ടു നടന്നു. നടന്നു , ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല പിറകെ വന്നിരുന്നവരും സൈഡ് ആക്കി കൂടെ വരുന്നത് കണ്ട് . നടന്നു തുടങ്ങിയപ്പോഴാണ് ഇത്ര മുന്നേ പാര്‍ക്ക്‌ ചെയെണ്ടിയിരുന്നില്ല എന്നാ ചിന്ത വന്നു തുടങ്ങിയത് എന്നാല്‍ അപ്പോള്‍ ഞങ്ങളെ പാസ് ചെയ്തു പോയ സ്വിഫ്റ്റ് കാറിന്റെ അടി ഗട്ടറില്‍ തട്ടി ഉയര്‍ന്ന ആ സൌണ്ട് കേട്ടപ്പോള്‍ ആ ചിന്തയെ ഞാന്‍ ചന്ദ്രനിലേക്ക് പറത്തി വിട്ടു.
ഏകദേശം അര കിലോമീറ്റര്‍ നടന്നു കാണും ടിക്കറ്റ് കൌണ്ടറില്‍ എത്താന്‍. അതിനു തൊട്ടു മുന്പായി സോള്‍ ഓഫ് കേരള എന്ന് പറയുന്ന കാപ്പിയുടെയും മറ്റും വേരുകള്‍ ഉപയോഗിച്ച് കടഞ്ഞു മിനുക്കി എടുത്ത രൂപങ്ങള്‍ നിരത്തി വെച്ച കടകള്‍ കാണാം, ചില വിദേശികള്‍ അവയ്ക്ക് വിലപെശുന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ കണ്ണുകള്‍ ഉടക്കിയത് കുപ്പിയില്‍ നിറചു വെച്ച മോരില്‍ ആണ് ഓരോ ഗ്ലാസ്‌ മോരും അകത്താക്കി ഞങ്ങള്‍ വെള്ളച്ചാട്ടത്തിലേക്ക് നടന്നു . കാടിന് നടുവിലൂടെ മണ്ണ് വിരിച്ച പാതയിലൂടെ ഞങ്ങള്‍ നടന്നു. കുറച്ചു ദൂരം പിന്നിടപ്പോള്‍ കല്ലുകള്‍ വിരിച്ച പാതയായി ഏകദേശം എത്താറായി എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി, വളവുകള്‍ കഴിഞ്ഞു ഞങ്ങള്‍ എത്തിയത് താഴോട്ട് ഇറങ്ങി പോകുന്ന കല്പടവുകള്‍ക്ക് മുന്നില്‍, ഇടയ്ക്കിടെ ഓരോ ഫോട്ടോകള്‍ എടുത്തു ഞങ്ങള്‍ പടവുകള്‍ ഇറങ്ങി താഴോട്ട പോയി കൊണ്ടിരിന്നു. ഇപ്പോള്‍ പാറയില്‍ തട്ടി തെറിച്ചു പോകുന്ന വെള്ളത്തിന്റെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാം. വാടിയ മുഖങ്ങളില്‍ വീണ്ടും പ്രസരിപ്പ് തെളിഞ്ഞു തുടങ്ങി , ഊട് വഴികളിലൂടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി . ദാ അവിടെ ഉച്ചിയില്‍ നിന്നും വെള്ള പാലുറവ താഴേക്കു പതിക്കുന്നു. ഞങ്ങളുടെ വേഗത കൂടി എങ്കിലും തിരക്ക് കാരണം ക്ഷമിക്കേണ്ടി വന്നു, ബീവരെജിനു മുന്നിലെ നീണ്ട ക്യൂ പോലെ വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ളവരുടെ നീണ്ട ക്യൂ, പാറകളുടെ മുകളില്‍ നിന്നും ഇറങ്ങുന്നിടത്തു ചെറിയ കൊണിയിലൂടെ ആളുകള്‍ പതിയെ ഇറങ്ങുന്നതാണ് ഈ നീണ്ട ക്യൂക് കാരണം. ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ മനസ്സിലായി ഇതത്ര എളുപ്പമല്ല എന്നത്. പല സ്റെപ്പുകളും ദ്രവിച്ചു പോയിരിക്കുന്നു. വെള്ളച്ചാട്ടത്തിനു അടിയില്‍ എത്തിയതും ഞങ്ങള്‍ നനഞ്ഞു കഴിഞ്ഞിരിന്നു. തട്ടി തെറിച്ചു വരുന്ന വെള്ളത്തുള്ളികള്‍ കൊണ്ട് പെട്ടന്ന് തന്നെ നനയും. സമയം 12 ആയി എങ്കിലും ഇപ്പോള്‍ നല്ല തണുപ്പാണ്. വെള്ളത്തിലോട്ട് കാലെടുത്തു വെച്ചതും ഒടുക്കത്തെ തണുപ്പ്. പതിയെ പതിയെ തണുപ്പ ഞങ്ങള്‍ക്കും കൂസലില്ലാതെ ആയി , പാട്ടും കൂക്കലും ആയി ഒരുപാട് പേര്‍, കോളേജ്, ഫാമിലി തുടങ്ങി പല പല ഗ്രൂപ്പുകളായി വന്ന ഒട്ടനവതി പേര്‍, തമിഴ്നാടും കര്‍ണാടകയും ഡല്‍ഹിയും ആ കൂട്ടത്തില്‍ ഉണ്ട്. അതിര്‍ വരമ്പുകള്‍ ലങ്കിച്ച്‌ പോകുന്നവരെ നോക്കുവാനായി 4 സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉണ്ട് അവിടെ , അവരുടെ വിസിലുകള്‍ ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരിക്കുന്നു. അകത്തും വെള്ളം പുറത്തും വെള്ളം ആയാല്‍ പിന്നെ എങ്ങെനെ ചിലക്കാതിരിക്കും അല്ലെ ?
വെള്ളത്തില്‍ കിടന്നു സമയം പോയതറിഞ്ഞില്ല ഇടയ്ക്കു കയ്യില്‍ വാച്ച് കെട്ടി വെള്ളത്തില്‍ ഇറങ്ങിയ ഒരാളോട് സമയം ചോദിച്ചപ്പോള്‍ 3 മണി , ഉടനെ അവിടെന്നു കയറി, തണുത്തുറഞ്ഞ വെള്ളം ഉറ്റി വീഴുന്ന കാലുകളുമായി തിരികെയുള്ള യാത്ര അതാണ്‌ സഹിക്കാന്‍ വയ്യാത്തെ  ഏകദേശം ഒരു കിലോമീറ്ററില്‍ അതികം അതില്‍ എണ്ണാന്‍ മറന്ന സ്റെപ്പുകളും , ഒടുവില്‍ കാറില്‍ എത്തി ഡ്രസ്സ്‌ മാറ്റിയപ്പോഴെക്ക് സമയം 3.40 അപ്പോഴാണ്‌ അടുത്ത വിളി വരുന്നത് വിശപ്പിന്റെ . ഉള്ള ഫ്രൂറ്സും മറ്റും അകത്താക്കി ഒരു ഹോട്ടല്‍ അന്വഷിക്കാന്‍ പുറപെട്ടു. അതിനു കൂടെ ഒരു തീരുമാനവും ഇനി അടുത്ത ഒരു ലക്ഷ്യത്തിലേക്ക് പോകാനുള്ള ടൈം ഇല്ല , ഇടക്കല്‍ ഗുഹയും ബാണാസുര ഡാമും ഇനി അടുത്ത വരവില്‍ , വൈകീട്ട് ഒരു തട്ട് കടയില്‍ നിന്ന് ദോശയും ചട്ടിണിയും കഴിച്ചു തിരികെ ചായതോട്ടത്തിനു അരികിലൂടെ പോരുമ്പോള്‍ ഇനി അടുത്ത യാത്ര എന്ന് അന്ന ചിന്തയിലായിരിന്നു ഞാന്‍ . പൂര്‍ത്തിയാകാതെ മറ്റൊരു വയനാടന്‍ യാത്ര കൂടി . 
ഫാഇസ് കിഴക്കേതില്‍