Followers

3.12.12

മഴ നനഞ്ഞ കണ്ണുകള്‍                       നിനച്ചിരിക്കാതെ പെയ്ത വേനല്‍ മഴയില്‍ ഓടി പ്ലാട്ഫോമിലേക്ക്  കയറി ഞങ്ങള്‍ . ട്രെയിന്‍ വരുന്നതും കാത്തു നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി കുളിര്‍ കോരി നിന്നു . തൃശ്ശൂരില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് അവളെ കണ്ടത്. എന്‍റെ കൂടെ കൂട്ടുകാരും ഉണ്ട് അവര്‍ കൂടെ കൂടിയാല്‍ പിന്നെ എല്ലാം കുളമാകും മുന്നേ ഉണ്ടായ അനുഭവങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. കൂട്ടുകാരല്ലേ ഒപ്പം കൂട്ടാം എന്ന് കരുതി ഒരുമിച്ചിരിന്ന് തേനൊഴുക്കുമ്പോഴാകും ചിലര്‍ കേറിയങ്ങ് ഗോളടിക്കും പിന്നെ നമ്മള്‍ പിന്നില്‍ വല്ല ഡിഫെന്‍സിലും കളിക്കേണ്ടി വരും.

                           പണ്ടൊരു ദിവസം ഒരുത്തിയെ ഒറ്റക്ക് കിട്ടിയിട്ട് മനോഹരമായി കത്തിയടിക്കുംബോഴാ സുഹൈല്‍ കടന്നു വരുന്നത്. എന്നാ ഞാന്‍ നല്ലൊരു കാര്യത്തിലല്ലേ അവന്‍ നടത്തട്ടെ എന്ന് ആ പഹയനുണ്ടോ കരുതുന്നു അവന്‍ കേറി എന്റെ അടുത്ത വന്നിരിന്നു. പണ്ടാരം പിന്നെ പരിചയപെടുത്താതിരിക്കാന്‍ ഒക്കില്ലല്ലോ. ഒടുവില്‍ അവന്‍ കേറിയങ്ങ് വിളയാട്ടം തുടങ്ങി. അവനാണങ്കില്‍ ഒടുക്കത്തെ ഗ്ലാമറും .. അവസാനം ഞാന്‍ കേട്ട് കൊണ്ടിരിക്കേണ്ടി വന്നു. അവന്റെ കത്തി കൊണ്ട് അവള്‍ വേദനിക്കുമ്പോള്‍ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരിന്നു ... എന്ത് ദ്രോഹമാടാ ഞാന്‍ നിന്നോട് ചെയ്തത്? എന്ന രീതിയില്‍ ,
ഒടുവില്‍ ഞാന്‍ അവിടെന്നു എണീറ്റ്‌ ഡോറിനു അടുത്തേക്ക്‌ പോയി. കുറച്ചു കഴിഞ്ഞപ്പോ അവളും അങ്ങോട്ട്‌ വന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി അവനെ കാണുന്നില്ല . എവിടെ എന്ന് അവളോട ചോദിച്ചപ്പോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞു . ഞാന്‍ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി . അവളെ വിട്ടു അവന്‍ എങ്ങെനെ പോയി ? എനിക്കങ്ങു വിശ്വാസമായില്ല . അവളോട്‌ ചോദിച്ചിട്ടാനങ്കില്‍ മറുപടിയും പറയുന്നില്ല. പട്ടമ്പി എത്തിയപ്പോള്‍ അവളോട യാത്രയും പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത് . ബസ്സ്റ്റാന്റില്‍ നിന്നാണ് പിന്നെ സുഹൈലിനെ കണ്ടത്. അവനോട എന്താ കാര്യം എന്ന് ചോദിച്ചു. കുറെ ചോദിച്ചപ്പോ അവന്‍ പറഞ്ഞു .. ഓ അവള്‍ക്കു വല്യ ജാഡയാ ...
                             പക്ഷെ അവിടെ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ടാവുമെന്നു എനിക്കുറപ്പായി അല്ലാതെ ആ പഹയന്‍ ഒരു പെണ്ണിനേയും ജാഡ എന്ന് വിളിക്കില്ല . അവളുടെ അടുത്ത നിന്ന് വേണ്ടപോലെ  കേട്ടിട്ടുണ്ടാകുമെന്നു തോന്നി.

                             കുറെ കാലങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കാണാന്‍ ഇടയായി. കണ്ടപ്പോള്‍ തന്നെ അവള്‍ കൈ കാണിച്ചു ഷൊര്‍ണൂരില്‍ നിന്നും അടുത്ത സീറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ഇരിന്നു. കുശലങ്ങല്‍ക്കിടയില്‍ സുഹൈലിനെ കുറിച്ച് അവള്‍ ചോദിച്ചു .. പണ്ടാരം അവനെ മറന്നിട്ടില്ലേ എന്ന് ഞാന്‍ മനസ്സില്‍ കരുതി ... അവന്‍ അപ്പുറത്തെ ബോഗിയില്‍ ഉണ്ടെന്നു പറഞ്ഞു. അന്ന് ഉണ്ടായതിനെ കുറിച്ച് ഞാന്‍ ചോദിച്ചു അപ്പോഴല്ലേ അവളുടെ ജാടയെ കുറിച്ച് എനിക്ക് മനസിലായത്... അവന്റെ കത്തി സഹിക്ക വെയ്യാതായപ്പോള്‍ അവള്‍ എന്റെ നമ്പര്‍ അവനോടു ചോദിച്ചു ... നിങ്ങ പറ അവന്‍ കൊടുക്കുമോ ? പക്ഷെ അവന്‍ കൊടുത്ത് അവന്റെ നമ്പര്‍ .. അവളാനങ്കിലോ സംസാരിക്കുന്നതിനിടയില്‍ അതിലേക്കു അടിച്ചു അവന്‍ അത് കാണാതെ അവള്‍ക്കു മുന്നില്‍ ഇരുന്നു തന്നെ ഫോണ്‍ എടുക്കുകയും ചെയ്തു ... പിന്നെ പറയണോ ? ഇതും പറഞ്ഞു അവള്‍ ചിരിക്കാന്‍ തുടങ്ങി ഞാനും അടുത്തുണ്ടായിരുന്ന മറ്റു യാത്രക്കാരും ... അതിലെ ഒരു ചേച്ചീ ഇടയ്ക്കിടയ്ക്ക് ട്യൂബ് ലൈറ്റ് പോലെ ചിരിക്കുന്നുണ്ടായിരിന്നു. എന്തായാലും അന്ന് ചോദിച്ചതല്ലേ എന്ന് പറഞ്ഞു ഞാന്‍ ചുളിവില്‍ നമ്പര്‍ കൊടുത്തുട്ടോ ... നല്ലൊരു സുഹൃത്ത് ... കണ്ണൂര്‍ പയ്യാമ്പലം ബീചിനടുത്താണ് വീട് .

                              എന്തായാലും അതുമാതിരി ഒരു അവസ്ഥ വരരുതെന്ന് ഞാന്‍ തീരുമാനിചിരിന്നു. അത് കൊണ്ട് തന്നെ ഇവളെ കണ്ടപ്പോള്‍ അവിടെ ബാഗും വെച്ച് ഞാന്‍ കൂട്ടുകാരുടെ കൂടെ പയി . അവര്കെല്ലാം ഓരോ സീറ്റ് കിട്ടി എന്ന് കണ്ടപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. കണ്ണാടിയില്‍ നോക്കി നനഞ്ഞ  മുടിയിഴകള്‍ ഭംഗിയാക്കി ... 

                                   ബാഗ്‌ വെച്ചിടത്ത് എത്തിയപ്പോ അവള്‍ ജനലിനോട്‌ ചേര്‍ന്ന് പുറത്തേക് നോക്കിയിരിക്കുന്നു. വെള്ളയില്‍ പച്ച കളറുള്ള ചുരിദാര്‍ വെളുത്ത നിറം പാറികളിക്കുന്ന മനോഹരമായ മുടി , ചിലവ നെറ്റിയിലും കവിളിലുമായി ഒട്ടി കിടക്കുന്നു  കറുത്ത ഫ്രെയിം ഉള്ള കണ്ണട നെറ്റിയില്‍ ചെറിയ വളരെ ചെറിയ ഒരു പൊട്ട്, ഇടത്തെ കയ്യില്‍ വാച്ച് കെട്ടിയിരിക്കുന്നു , കഴുത്തില്‍ അണിഞ്ഞ നേര്‍ത്ത മാല മാറില്‍ പറ്റി കിടക്കുന്നു, അതിന്റെ കൂടെയുള്ളതാണന്നു തോന്നുന്നു മഞ്ഞു തുള്ളി പോലെ കമ്മലും, കവിളില്‍ മഴത്തുള്ളികള്‍ ചിത്രം വരച്ച പോലെ , ചെറിയ ചാറ്റല്‍ മഴയെ ഉള്ളൂ അവയുടെ നേര്‍ത്ത തുള്ളികള്‍ അവളുടെ കവിളുകളില്‍ ഉമ്മ വെക്കുന്നു അവ ആസ്വതിച്ചു അവള്‍ കണ്ണുകള്‍ മെല്ലെ അടക്കുന്നു.. വേറിട്ട്‌ നില്‍ക്കുന്ന മനോഹരമായ് കണ്‍പീലികള്‍  ആകെ കൂടി  ഒരു പ്രത്യേക  ചന്തം തന്നെ. ആദ്യ കാഴ്ചയേക്കാള്‍ മനസ്സ് വല്ലാതെ  പിടിച്ചിരുത്തിയ സൌന്ദര്യം ....

                അപ്പോഴേക്കും ട്രെയിന്‍ എടുത്തു കഴിഞ്ഞു. ഞാന്‍ അവളുടെ മുന്നില്‍ ഇരിന്നു. എന്റെ അടുത്ത് അവളുടെ അച്ഛനും അവള്‍ക്കു അടുത്ത അമ്മയും അനിയനും വന്നിരിന്നു. ഛെ ... എല്ലാം പോയി എന്ന് ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി . ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി അയാള്‍ എനിക്ക് മനം കുളിര്‍ക്കുന്ന ഒരു പുഞ്ചിരി തന്നു ... ഹാവൂ സമാദാനമായി ..

                  പൂങ്കുന്നം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പരിചയപെട്ടു. ശ്രിതി എന്നാണു അവളുടെ പേര്,അച്ഛന്‍ അവളുടെ പേര് പറഞ്ഞപ്പോള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെ ചിരി അങ്ങനെ കിട്ടിയിരിക്കുന്നു എന്ത് ചന്തം ആ പുഞ്ചിരി കാണുവാന്‍, സംസാരത്തിനിടയില്‍ അവളെ ഞാന്‍ ഇടയ്ക്കിടെ നോക്കി കൊണ്ടിരിന്നു കാറ്റില്‍ പാറി മുന്നോട്ടു വരുന്ന മുടിയിഴകളെ പതിയെ ചെവിക്കു പിന്നില്‍ ഒതുക്കി വെക്കുന്നത്, കാറ്റ് കൊണ്ട് ഉണങ്ങുന്ന ചുണ്ടുകളെ നാവു കൊണ്ട് നനപ്പിക്കുന്നത്, കണ്‍പീലികള്‍ ഇളകുന്നത്, കാതിലെ മഞ്ഞു തുള്ളി ആടുന്നത് ചുണ്ടില്‍ വന്നു വീഴുന്ന മഴത്തുള്ളികളെ നുണയുന്നത് വിരലുകളാല്‍ മഴയെ പുണരുന്നത്  നനഞ്ഞുതിര്‍ന്ന കണ്ണുകള്‍ പിടക്കുന്നത്‌   അങ്ങനെ ഓരോ കാഴ്ചയും സുന്ദരം . പക്ഷെ ഒന്നും മിണ്ടുന്നില്ല ഇടയ്ക്കിടെ നോക്കുന്നുണ്ട് ഞങ്ങള്‍ പറയുന്ന തമാശ കേട്ട് പുഞ്ചിരിക്കുന്നുമുണ്ട്.

                മഴയ്ക്ക് ശക്ത്തി കൂടി ജനലിന്റെ ഗ്ലാസ് വലിച്ചിടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ അവ താഴ്ത്തികൊടുത്തു ,പുറത്തെ കാഴ്ചകള്‍ മതിയായിട്ടാണോ മഴ അതികമായത് കൊണ്ടോ  എന്തോ അവള്‍ അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞു. ഇത് തന്നെ പറ്റിയ അവസരം ..

        ഇപ്പൊ എന്ത് ചെയ്യുന്നു ?      
 അവളോട്‌ ചോദിച്ച മറുപടിക്ക് അമ്മയാണ് മറുപടി തന്നത്
പ്ലസ്‌ ടു കഴിഞ്ഞു ...

ഇത്ര നേരമായിട്ടും ഒന്നും മിണ്ടിയിട്ടില്ല .. ഇനിയിപ്പോ സംസാര ശേഷി ഉണ്ടാവില്ലേ .. എന്തായാലും ഒന്നുടെ ചോദിക്കാം ...

ഏതായിരിന്നു എടുത്തിരുന്നത് ?

സയന്‍സ് ...

ഹ അവള്‍ മറുപടി പറഞ്ഞു .. അപ്പൊ സംസാരിക്കാനറിയാം കൊച്ചു കള്ളി മിണ്ടാതിരിക്കുകയായിരിന്നു അല്ലെ ഞാന്‍ മനസ്സില്‍ പറഞ്ഞു.. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍കെല്ലാം മറുപടി പറഞ്ഞു .. അവള്‍ക്കു എന്നോട് ചോദിക്കാന്‍ അവളുടെ അച്ഛന്‍ ഒരൊറ്റ ചോദ്യം പോലും ബാക്കി വെച്ചിരുന്നില്ല ... ദുഷ്ട്ടന്‍ ...

നിങ്ങള്ക്ക് വെകേഷന്‍ ഒന്നും ഇല്ലേ ?

ദേ വന്നു ചോദ്യം .. ഞാന്‍ ആവേശത്തോടെ പറഞ്ഞു

ഉണ്ടല്ലോ  .. ഓണത്തിനും പൂരത്തിനും ക്രിസ്തുമസിനും അത് തന്നെ ദാരാളം ...

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവള്‍ ഉറകത്തിലേക്ക് വഴുതി വീണു അമ്മയുടെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങുന്നത് കാണാന്‍ നല്ല രസമുണ്ടായിരിന്നു. ഈ പെണ്ണ് ഇങ്ങനെ കിടന്നു ഉറങ്ങിയാല്‍ തടി കൂടില്ലേ യാത്രയിലോക്കെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിന്നൂടെ എന്നൊക്കെ തോന്നി ..മഴയുടെ ശക്ത്തി കൊണ്ട് എന്റെ സീറ്റിലേക്ക് വെള്ളം വരാന്‍ തുടങ്ങി ഞാന്‍ അവളുടെ അച്ഛന്റെ അടുത്തേക്ക്‌ മാറി ഇരുന്നു .. ഓരോ സ്ഥലത്തെത്തുംബോഴും മഴയുടെ കളി കാണാന്‍ കഴിഞ്ഞു ചിലയിടത്ത് പെയ്യാതെ ചിലയിടത്ത് പതിയെ ചിലയിടത്ത് ശക്ത്തിയില്‍ അങ്ങനെ മഴ കളിച്ചു കൊണ്ടിരിക്കുന്നു ...

അവളുടെ അനിയന്‍ മുകളില്‍ വെച്ചിരിക്കുന്ന വലിയ ബാഗില്‍ നിന്നും വെള്ളമെടുത്തു കുടിക്കുന്നത് കണ്ടു ഞാന്‍ അച്ഛനോട് ചോദിച്ചു എവിടെന്നാ യാത്ര കഴിഞ്ഞു വരുന്നത് ടൂര്‍ ആയിരിന്നോ ?
അതെ ഒരാഴ്ചത്തെ ട്യൂറാ മാസത്തില്‍ ഓരോ തവണ ...
അതെന്താ അവിടെ ബന്ധുക്കളാരെങ്കിലും ഉണ്ടോ ?
ഹേ .. ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി വരികയാ
ചെക്ക് അപ്പ്‌ ഉണ്ടോ മാസവും ? ഏതിലെക്കാ പോകുന്നെ ?
എം ജി ഹോസ്പിറ്റല്‍ ..
എന്താ അവിടേക്ക് പോകാന്‍
അത് ഐ സ്പെഷലിസ്റ്റു ഹോസ്പിറ്റല്‍ ആണ് ...
നിങ്ങള്ക്ക് വേണ്ടിയാണോ ?
അല്ല മോള്‍ക്കാ ..
എന്ത് പറ്റി കാഴ്ചക്ക് വല്ല തകരാറും ?

അവള്‍ക്കു ..... അവള്‍ക്കു എട്ടു മാസത്തോളമായി കണ്ണ് കാണാതായിട്ട് ...

പുറത്തു മഴ ശക്ത്തി കൂടി ഇടയ്ക്കു മിന്നലും  ഇടിയുടെ ശീല്ക്കാരങ്ങളും എന്‍റെ തലയ്ക്കു എന്തോ അടിച്ച പോലെ തോന്നി ആകെ മരവിപ്പ് .. മനസ്സ് കീറി മുറിയുന്ന പോലെ , വായും മൂക്കും പൊത്തിപിടിച്ച്‌ എന്നെ ശ്വാസം മുട്ടിക്കുന്ന പോലെ തലക്കുള്ളില്‍ ആകെ ഒരു പിരി പിരിപ്പ് ... തിളങ്ങുന്ന ആ കണ്ണുകള്‍ക്ക്‌ കാഴ്ചയില്ലന്നു, മനോഹരമായ ആ മുഖത്തു കണ്ണുകളെന്ന പേരില്‍ ഇളകുന്ന രണ്ടു വസ്ത്തുക്കള്‍ മാത്രമാണന്നു, , പുറത്തു പെയ്യുന്ന മഴയെ അവള്‍ കണ്ടിട്ടില്ലന്ന് നിറഞ്ഞു നില്‍കുന്ന പാടങ്ങളും നഞ്ഞുതിര്‍ന്ന മരങ്ങളും അവള്‍ കണ്ടിട്ടില്ലന്ന്,ഇത്ര നേരവും അവള്‍ക്കു മുന്നില്‍ ഇരിന്നിട്ടും അവള്‍ക്കു എന്നെ കാണാന്‍ കഴിഞ്ഞിട്ടില്ലന്നു  .... ഞാന്‍ ശക്ത്തിയായ് ശ്വാസം വലിച്ചു .. എവിടെയോ തങ്ങി നില്‍കുന്ന പോലെ വീണ്ടും വീണ്ടും ശക്ത്തിയായ് വലിച്ചു ...പതിയെ ചാരി കണ്ണുകള്‍ അടച്ചു ഇരിന്നു ...

ഒരു ദിവസം കെമിസ്ട്രി ലാബില്‍ നിന്നും എന്തോ കണ്ണിലേക്ക് ആയാതാണ്, അന്ന് കണ്ണ് അടച്ചിട്ടു പിന്നെ തുറന്നത് രണ്ടാഴ്ച കഴിഞ്ഞിട്ടാണ്. കാഴ്ച നഷ്ട്ടപെടാം എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞിരിന്നു ... തുറന്നപ്പോള്‍ മങ്ങിയ കാഴ്ചയായിരിന്നു പിന്നെ ഒരാഴ്ച്ചയെ വേണ്ടി വന്നുള്ളൂ അവളും ഞങ്ങളും ഇരുട്ടിലേക്ക് പോവാന്‍,ഇപ്പൊ ചെറിയ ഒരു മങ്ങിയ വെളിച്ചം മാത്രമേ ഉള്ളുവത്രേ . അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിഞ്ഞു ...

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയാതെയായി. മനസ്സ് വല്ലാതെ നോവുന്നു, മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് വെട്ടി വെട്ടി മുറിക്കുന്ന പോലെ... ഞാന്‍ പുറത്തേക്കും നോക്കിയിരിന്നു.... വേനലിന്റെ ചൂടില്‍ തളര്‍ന്നു നീര്ചാലായി ഒഴുകിയിരുന്ന നിളയില്‍ മഴ നല്‍കിയ വെള്ളം കുതിച്ചു പായുന്നു തുരുത്തുകല്‍ക്കിടയിലൂടെ ദൂരേക്ക് ദൂരേക്  അവ പോകുന്നു... പൊള്ളുന്ന നിളയുടെ നെഞ്ചില്‍ കുളിരേകാന്‍ അവ ഒഴുകി കൊണ്ടിരിന്നു ....   

ട്രെയിന്‍ പട്ടമ്പി സ്റ്റേഷനില്‍ എത്തി നിന്നു. അയാളുടെ കൈ പിടിച്ചു എല്ലാം ശരിയാകും എന്ന് പറഞ്ഞു അല്ലാതെ എന്ത് പറയാന്‍ ..... അമ്മയുടെ മടിയില്‍ അവള്‍ അപ്പോഴും ഉറങ്ങുകയാണ് ഉണര്‍ന്നാലും ഇരുട്ടിനെ വരവേല്‍ക്കുന്നവള്‍ക്ക് ഉറക്കം തന്നെ ...
അമ്മയോടും അനിയനോടും ഞാന്‍ തലയുടെ ചലനങ്ങള്‍ കൊണ്ട് യാത്ര പറഞ്ഞു. അവളെ വിളിക്കാന്‍ തുനിഞ്ഞ അമ്മയോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. എന്തിനു ഞാന്‍ യാത്ര പറയണം ... ഇനി കാണുമോ കണ്ടാലും അവള്‍കെന്നെ കാണാന്‍ ഒക്കുമോ ? മനസിലാകുമോ ? ഇരുണ്ട വെളിച്ചത്തിന് മുന്നില്‍ നിന്നും കേള്‍കുന്ന എത്രയെത്ര ശബ്ദങ്ങള്‍ ഉണ്ടാകും ... അവള്കെല്ലാവരും ഒരു പോലെ .. പിന്നെ എന്തിനു അവളെ ഞാന്‍ ഉണര്‍ത്തണം .. എന്തിനു അവളെ ഇരുട്ടിലേക്ക് ക്ഷണിക്കണം ... അവള്‍ ഉറങ്ങട്ടെ ... ഇരുട്ടില്‍ ഇരുട്ടിനെ ശപിക്കാതെ അവള്‍ ഉറങ്ങികൊള്ളട്ടെ ... പോകാന്‍ നേരം അവളുടെ കണ്ണടക്കിടയിലൂടെ ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി .... അവള്‍ ഇരുട്ടില്‍  വിശ്രമിക്കുകയാണ് ഇരുട്ടിലേക്ക് ഉണരാന്‍ ...

 മഴത്തുള്ളികള്‍ പ്ലാട്ഫോമിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ ശക്ത്തിയായി വീണുകൊണ്ടിരിന്നു.  പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ ആ കണ്ണുകള്‍ തുറന്നു എന്നെ നോക്കിയിരുന്നത് ഓര്‍മയിലേക്ക് വന്നു കൊണ്ടിരിന്നു  .. പിന്നീട് പലതവണ മഴയുള്ള ദിനങ്ങളില്‍  ആ കണ്ണുകള്‍ എന്‍റെ ഓര്‍മകളിലേക്ക് ഓടി വന്നു ഞാന്‍ വിളിക്കാതെ തന്നെ. ഇന്നും ആ കണ്ണുകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു ...ഇന്നും ഞാന്‍ ആ കണ്ണുകളെ തേടുന്നു, ഒരു മഴയത്ത് നനഞ്ഞ പീലികളുമായി ആ മഴ നനഞ്ഞ കണ്ണുകള്‍ കാണുമെന്നു ഞാന്‍ പ്രധീക്ഷിക്കുന്നു ........

2.12.12

വര്‍ണ്ണങ്ങളുടെ ലോകം

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല മോള് കരയുക തന്നെയാണ് ... ഇടക്കൊക്കെ എന്റടുത്തു നിന്ന് തല്ലു കിട്ടാറുണ്ട്, അവള്‍ കരയാറുമുണ്ട് പക്ഷെ ഇത് അവളുടെ കുസൃതിക്കു താന്‍ അല്പം അതികം വേദനിപ്പിച്ചോ എന്നൊരു തോന്നല്‍.
അടുത്തു ചെന്ന് അവളുടെ തലയില്‍ തലോടി, അവള്‍ കൈ തട്ടി, അവന്‍ അവള്‍ക്കു മുന്നില്‍ കുനിഞ്ഞിരിന്നു ആ മുഖത്തേക്ക് നോക്കി ചുവന്നു തുടത്ത കവിളിലൂടെ നിറഞ്ഞ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നു ... അവന്റെ കണ്ണ് നിറഞ്ഞു ...

ഇക്ക അറിയാതെ തല്ലിയതല്ലേ മോളു... നീ വാ നമുക്ക് ഇക്കയുടെ മുറിയില്‍ പോവാം ..... അവള്‍ക്കു വലിയ ഇഷ്ട്ടമാണ് തന്റെ മുറിയില്‍ വരുന്നത് .... ധാരാളം ബുക്കുകളും കളറുകളും പിന്നെ കൂട്ടിവെക്കുന്ന അല്ലറ ചില്ലറ വസ്തുക്കളുമായി എല്ലാം അവള്‍ക്കു കൌതുകം ഉണര്‍ത്തുന്നതാണ് ... ഞാനില്ലാതെ അവിടെ കയറരുതെന്നാണ് ഓര്‍ഡര്‍ ....എന്നും രാവിലെ അവള്‍ റൂമില്‍ വരും തന്നെ വിളിച്ചുണര്‍ത്താന്‍ കുറെയേറെ വിളിച്ചിട്ടും എണീക്കുന്നില്ലങ്കില്‍ പിന്നെ വെള്ളം എടുത്തു തന്‍റെ തലയിലൂടെ ഒഴിക്കും , പിന്നെ അവിടെ ഒരു യുദ്ധമാവും കുറെ കാലം മുന്നേ തുടങ്ങിയതാ ഇത് രാവിലെ തന്‍റെ അടുത്ത നിന്ന് ഒരു തല്ലു മേടിചാലെ അവള്‍ക്കു സമാധാനമാകൂ .. ചില ദിവസം അവളെ പിടിക്കാതെ അവന്‍ പിറകെ ഓടും പിടികിട്ടിയില്ലന്നു കാണുമ്പോള്‍ അവള്‍ ഗോഷ്ട്ടി കാണിക്കും അവന്‍ ചിരിച്ചു നിന്ന് തിരികെ പോരും അവന്‍റെ അലാറം അതായിരിന്നു ...

പക്ഷെ അവന്‍ എത്ര വിളിച്ചിട്ടും അവള്‍ റൂമിലേക്ക്‌ പോരാന്‍ കൂട്ടാക്കിയില്ല ... ഒരു തേങ്ങല്‍ അവളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിന്നു. അവന്‍ നേരെ അടുക്കളയില്‍ പോയി ...
"നീ അവളെ വല്ലാതെ അടിച്ചു, ഞങ്ങളെയൊക്കെ ചീത്ത പറയും അവളെ തല്ലുന്നതിനു എന്നിട്ടിപ്പോള്‍"
ഉമ്മയുടെ വാക്കുകള്‍ ഒരു കൂര്‍ത്ത അമ്പുപോലെ തന്‍റെ ഹൃദയം കീറിമുറിച്ചു പോയപോലെ തോന്നി അവന്‍ക്ക് .

"ഉമ്മ അത് പിന്നെ, ഞാന്‍.... ഓഫീസിലെ ചില പ്രശ്നങ്ങള്‍ .. അതിനിടക്കാ അവള്‍ കൊഞ്ചലുമായി ഞാന്‍ ഒന്ന് രണ്ടു തവണ പറഞ്ഞതാ വീണ്ടും വന്നു ... അറിയാതെ ഒന്ന് കൊടുത്ത് പോയി " ....


"മ്... അത് പോട്ടെ ... അവള്‍ മെഡല്‍ കാണിച്ചു തന്നോ ? "


"മെഡലോ എന്തിന്റെ ?


" ഹ നവഗാധര്‍ക്ക് സ്കൂളില്‍ പെയിന്റിംഗ് ഉണ്ടായിരുന്നത്രേ അവള്‍ക്കു ഒന്നാം സമ്മാനം കിട്ടി അത് കാണിക്കാനാകും നിന്‍റെടുത്തു വന്നത് "...


അവന്‍ എണീറ്റ് അവളുടെ അരികില്‍ ചെന്നു തേങ്ങലിന്റെ ശക്ത്തി കുറഞണ്ണു ...


"മോളെ എവിടെ മെഡല്‍ ഇക്കാക്ക് കാണിച്ചു തരില്ലേ"


അവള്‍ മടക്കി പിടിച്ച കൈ തുറന്നു


അവന്‍ മെഡല്‍ എടുത്തു അവളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു ആശംസകള്‍ നേര്‍ന്നപ്പോള്‍ അവളുടെ മുഖം തെളിഞ്ഞു ...


"ഇപ്പൊ പിണക്കമൊക്കെ മാറിയില്ലേ" ?


അവള്‍ തലയാട്ടി ... കൈക്കിട്ടു ഒരു കുത്തും കൊടുത്തു അവള്‍ ഓടി ....

"മോനെ മറ്റന്നളാണ് അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകേണ്ടത് നിനക്ക് ലീവ് കിട്ടുമോ ?"

"ഹ ഞാന്‍ ഓര്‍ത്തിരിന്നു ലീവിന് പറഞ്ഞിട്ടുണ്ട് കിട്ടണം. ഉമ്മ വിളിച്ചു ബുക്ക് ചെയ്തോ"?


"വിളിചിരിന്നു അവര്‍ ചെല്ലാനാ പറഞ്ഞത് ബുക്കിംഗ് വേണ്ടാന്നു ഇതിപ്പോ കുറെ ആയില്ലേ .. എന്തായാലും ആ ടോക്റെര്‍ നല്ലവനാ ഇവളെ നമുക്ക് തിരിച്ചു തന്നില്ലേ ... അല്ലാഹുവിന്റെ കാവല്‍ അയാള്‍ക്കും നമുക്കും ഉണ്ടാകട്ടെ" ...


ഉമ്മ ഒരു നെടുവീര്‍പ്പുമായി അടുക്കളയിലേക്കു പോയി


രണ്ടു വര്‍ഷം മുന്നേ ഒരു പനി വന്നതായിരിന്നു ചെകിങ്ങില്‍ അവളുടെയും ഞങ്ങളുടെയും ചിരി തല്ലികെടുതിയാണ് റിപ്പോര്‍ട്ട് വന്നത് ... ബ്ലഡ്‌ കാന്‍സര്‍ .. കൈവിട്ടു പോകുമെന്നതില്‍ നിന്നും തിരിച്ചു വരവ് അല്ലാഹുവു ഞങ്ങളുടെ കൂടെ നിന്ന നേരം. ഇപ്പോള്‍ എട്ടിലേക്ക്, ക്ലാസ് തുടങ്ങി കുറച്ചേ ആയിട്ടുളൂ ... ഹോസ്പിറ്റലില്‍ വരവ് ഇനി കുറയുമെന്നാണ് കഴിഞ്ഞ തവണ ഡോക്റെര്‍ പറഞ്ഞത്.. പഠിത്തത്തില്‍ മിടുക്കിയാണ് പൈന്റിങ്ങും പാട്ടും ഒക്കെയായി ഹൈ സ്കൂളില്‍ അവള്‍ താരമായണ്ണു ... തന്റെ വര അവള്‍ക്കും കിട്ടിയണ്ണു തന്നെക്കാള്‍ നന്നായി വരക്കും എന്ന് പറയാം... തനിക്കോ അതികം മുന്നേറാന്‍ ആയില്ല അവളെ എങ്കിലും വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് വിടണം. ഇത്തവണ സംസ്ഥാന തലത്തില്‍ പ്രൈസ് നേടും എന്ന് അവള്‍ പറഞ്ഞിട്ടുണ്ട് ... അന്നവള്‍ക്ക് താന്‍ എന്ത് കൊടുക്കും ...


                                     പുറത്തെ മഴയും നോക്കി കിടക്കുമ്പോള്‍ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വിരിപ്പിനെ ചുംബിച്ചു, അവളെ തല്ലിയ നീറ്റല്‍ മനസ്സില്‍ പുകഞ്ഞു കൊണ്ടിരിന്നു ... കാര്യമില്ലാതെ തല്ലി.. അല്ലങ്കിലും താന്‍ ഇങ്ങനെയാ ചെയ്യാനുള്ളതെല്ലാം ചെയും എന്നിട്ട് ....പുറത്തു മഴ ശക്ത്തിയായി പെയ്യാന്‍ തുടങ്ങി പുതപ്പു മൂടി അവന്‍ ഉറക്കത്തെ കൂട്ട് പിടിച്ചു...

                             പുലര്‍ക്കാലം അവനെ വരവേറ്റത് കുത്തിയൊഴുകി വരുന്ന മഴ വെള്ള പാച്ചിലുപോലെയായിരിന്നു. അതില്‍ നീന്താന്‍ അറിയാത്ത ഒരു കൊച്ചു കുട്ടിയെ പോലെ അവന്‍ പേടിച്ചു വാവിട്ടു കരഞ്ഞു, ചുറ്റും ദയനീയമായി തനിക്ക് നേരെ നീളുന്ന കണ്ണുകള്‍ മാത്രം ആരും ഒരു കൈ സഹായത്തിനില്ല, അല്ല അവര്‍ക്കാര്‍ക്കും അതിനു കഴിയില്ല, കരയുന്നുണ്ട് പക്ഷെ ശബ്ദം മാത്രം പുറത്തു കേള്‍ക്കുന്നില്ല തന്റെ ഹൃദയവും പറിച്ചു കൊണ്ട് പോകുന്നു, ചില ഓര്‍മ്മകള്‍ തലയില്‍ പ്രകമ്പനം ഉളവാക്കുന്നു, താന്‍ എവിടെയെന്നോ എന്താനന്നോ അറിയാതെ അലഞ്ഞു നടക്കുന്നു, ഒന്നും വ്യക്തമാകുന്നില്ല വര്‍ണ്ണങ്ങള്‍ കൊണ്ട് കോരിയിട്ട ചില അവ്യക്തമായ വരകള്‍ മാത്രം. യന്ത്രത്തെ പോലെ താന്‍ എന്തൊക്കെയോ ചെയ്തു ആരുടെയൊക്കെയോ കൂടെ പോയി , ഹൃദയം തകര്‍ന്നു കരഞ്ഞു യാത്രയാക്കി. തിരികെ വന്നു തളര്‍ന്നിരിന്നു . പലരും വന്നു യാത്രചോദിക്കുന്നു.ആശ്വസിപ്പിക്
കുന്നു .. ഒന്നും വ്യക്തമാകുന്നില്ല .. ശരീരം തളരുന്നപോലെ, ചുറ്റും എല്ലാം കറങ്ങി നടക്കുന്നു, അവ തന്റെ തലയ്ക്കു ചുറ്റും വേഗത്തില്‍ കറങ്ങുന്നപോലെ, കണ്ണുകളില്‍ ഇരുട്ടുമൂടി പതിയെ തണുത്തുറഞ്ഞ തറയിലേക്ക് ചാഞ്ഞു .

തലയിലൂടെ വെള്ളം ഒഴുകിയപ്പോഴാണ് എണീറ്റത് .. "നിന്നെ ഞാന്‍ "


ചാടി എണീറ്റ്‌ അവള്‍കൊപ്പം ഓടാന്‍ തുനിഞ്ഞു


                       വെള്ളകുപ്പി എടുത്തു പരസ്പ്പരം തല്ലു കൂടിയിരുന്ന അമ്മായിയുടെ കുട്ടികള്‍ പേടിച്ചു പതുങ്ങി നിന്നു... ഒരു നിമിഷം സ്ഥലകാല ബോതം വീണ്ടെടുത്തു കട്ടിലില്‍ തന്നെ ഇരിന്നു ... ഹൃദയം നുറുങ്ങുന്ന പോലെ, കണ്ണുകള്‍ നിറഞ്ഞു തുടങ്ങുന്നു,ഇന്നലെത്തെ ചെയ്തികള്‍ ഓര്‍ത്തെടുത്തു. ചിലവ ഓര്‍മ്മ വരുന്നു , തറയിലേക്ക് പതിക്കുന്നത് ഓര്‍മ്മയുണ്ട് , ആരോ തന്നെ ഇവിടെ കൊടുന്നു കിടത്തിയിരിക്കുന്നു. സംശയത്തോടെ അവന്‍ കുട്ടികളെ നോക്കി അവര്‍ പേടിച്ചോ എന്തോ , അവര്‍ എന്തോ പറഞ്ഞു പുറത്തേക്ക് ഓടി ....യാതാര്ത്യങ്ങളിലേക്ക് അവന്റെ ചിന്തകള്‍ ഓടാന്‍ തുടങ്ങി തന്നെ വിളിക്കാന്‍ മോള്‍ വന്നില്ല, ഇനി അവള്‍ ഒരിക്കലും വരില്ല .... വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് അവള്‍ യാത്രയായി ആരോടും ഒന്നും പറയാതെ ....

അവന്‍ പടികള്‍ ഇറങ്ങി പൂമുഖത്തേക്ക്‌ നടന്നു ... അമ്മായികളും എളാമമാരും മറ്റു അടുത്ത ബന്ധുക്കളെല്ലാം ഉണ്ട് .. കൂട്ടത്തില്‍ അവന്‍ ഉമ്മയെ ഒരു നോക്ക് തിരഞ്ഞു ഇല്ല ... പാവം എവിടെയെങ്കിലും കിടക്കുന്നുണ്ടാകും.


"അവന്റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല " - കൂട്ടത്തില്‍ ആരോ പറയുന്നത് കെട്ടു...


പൂമുഖത്ത് കസേരയില്‍ പേപ്പറും എടുത്തു ഇരിന്നു...മഴ ചെറുതായി ചാറുന്നുണ്ട് , മുറ്റത്തു വലിച്ചു കെട്ടിയ ടാര്‍പായയില്‍ നിന്നും വീഴുന്ന വെള്ളം ഒഴുക്കി വിടാന്‍ എളാപ്പ കുട്ടികളെ കൊണ്ട് ചാല് കീറിക്കുന്നുണ്ട് ... ഇന്നലെ ആളുകള്‍ ഇരിന്ന ചുകപ്പും നീലയും സ്റ്റൂളുകള്‍ ആരൊക്കെയോ അടുക്കി വെച്ചിരിക്കുന്നു, ഇന്നലെ മോളു കിടന്ന പലക കട്ടില്‍ മുറ്റത്തിന് ഒരു വശത്ത്‌ മഴ നനഞ്ഞു കിടക്കുന്നു..... അവള്‍ അതില്‍ നിന്നും മഴ കൊള്ളുകയാണല്ലോ ഈ കുട്ടി എന്താ കാണിക്കുന്നത് പനി പിടിച്ചാല്‍ അവള്‍ തന്നെ വിളിക്കുന്നുണ്ട് അവള്‍കൊപ്പം നിന്നു മഴകൊള്ളാന്‍ ആയിരിക്കും, ശരിയാക്കിത്തരാം... പേപ്പര്‍ താഴെവെച്ചു കട്ടിലിനരികിലേക്ക് ചെന്നു, അവള്‍ നിന്നു തുള്ളിചാടുകയാണ് തന്‍റെ നേര്‍ക്ക് കൈ നീട്ടുന്നുണ്ട് പിടിച്ചു കയറ്റാന്‍ , മഴ നനഞ്ഞു വിറക്കുന്നുണ്ടോ അവള്‍,


"എന്താ മോനെ ഈ കാണിക്കുന്നത് ഈ മഴയത്ത് ഇങ്ങനെ വന്നു നിക്കണതെന്തിനാ ? "


എളാപ്പ വന്നു പിടിച്ചപ്പോഴാണ് താന്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്നതറിഞ്ഞത്


"എളാപ്പ... ന്‍റെ മോളൂ ..." അവന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.. നാവു ഇറങ്ങിയ പോലെ.. കണ്ണു നീര്‍ മഴതുള്ളികള്‍ക്കൊപ്പം നനഞ്ഞിറങ്ങി.


"നീ ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഉമ്മയുടെ അവസ്ഥ എന്തായിരിക്കും , നീയല്ലേ ഉമ്മയെ ആശ്വസിപ്പിക്കേണ്ടത്. ചെല്ല് ഉമ്മ നിന്നെ തിരക്കുന്നുണ്ടാകും ".


അകത്തേക്ക് കയറുമ്പോള്‍ ഒന്നുടെ ആ കട്ടിലിലേക്ക് നോക്കി അവള്‍ അവിടെ നിന്നു തന്നെ വീണ്ടും വിളിക്കുന്നുണ്ട് ...

24.11.12

എന്‍റെ വിരുന്നുകാര്‍


ഇന്നലകളില്‍....
എന്നെ പുണര്‍ന്നു കടന്നു പോയ
കാറ്റിനു നിന്‍റെ ഗന്ധമായിരുന്നു.
നിന്‍റെ കവിളിലൂടെ
ഒലിച്ചിറങ്ങിയ
മിഴിനീരിന്‍റെ
ഉപ്പുരസമായിരുന്നു.
സ്വപ്‌നങ്ങള്‍ കൊണ്ട് നീ പണിത
കൊച്ചു കുടിലിന്റെ
മേല്‍ക്കൂരയുടെ കോണില്‍
കൂട് കൂട്ടിയ കുരുവികള്‍
ഇന്നലെ
എന്‍റെ വിരുന്നുകാരായിരുന്നു,
ഒരു ചിറകു നല്‍കി
നിന്നെ ഇവിടെ
എത്തിച്ചിടാമെന്നെനിക്കവര്‍
വാക്ക് തന്നു.
നിന്‍റെ കാത്തിരിപ്പിന്,
കണ്ണുനീരിനു, പ്രതീക്ഷകള്‍ക്ക്
സാക്ഷിയായവര്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകേകാമെന്നും..
നീ വരിക,
ഞാന്‍ കാത്തിരിപ്പുണ്ടാകും
ഈ തീരത്ത്‌
നിന്‍റെ വെള്ളിചിറകിന്‍
വെട്ടം കാണുന്നതും നോക്കി.
വരിക,
എന്നിലേക്ക്‌ പറന്നിറങ്ങുക..
നീ ചിറകിലോളിപ്പിച്ച
പ്രണയത്താല്‍
എന്നെ പുണരുക.
ഇവിടെ നമുക്കൊരു
കുടില്‍ തീര്‍ക്കാം
പ്രണയത്താല്‍ പുണരുന്ന
എന്‍റെ വിരുന്നുകാരായ
കുരുവികള്‍ക്കൊരു കൂടുതീര്‍ക്കാന്‍.

12.11.12

ചിമ്മിനി വിളക്ക്.
                                                           ചിമ്മിനി വിളക്ക്.

                                   പണ്ട് ... പണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍  നാലിലോ മറ്റോ   പഠിക്കുന്ന കാലം അന്നൊക്കെ പവര്‍കട്ട് കൊണ്ട് സമയം നോക്കുന്നകാലം ഓരോ ആഴ്ചയിലും പവര്‍ കട്ട് സമയം മാറികൊണ്ടിരിക്കും..... അന്നൊക്കെ പവര്‍കട്ട് ആകാന്‍ പൂതിയായിരിന്നു കാരണം അപ്പോള്‍ പടിക്കാതിരിക്കാലോ ..... കറന്റ്‌ പോയാല്‍ ചിമ്മിനി വിളക്കും കത്തിച്ചു എല്ലാവരും കൂടി ഹാളില്‍ ഇരിന്നു സംസാരിക്കും പല കഥകള്‍ ചിലപ്പോള്‍ അടക്കി പിടി
ച്ച  സംസാരങ്ങള്‍ കാരണം കുട്ടികള്‍ ഉണ്ടല്ലോ അവര്‍ കേള്‍ക്കാനും പാടില്ല എന്ടായാലും ആ ചിമ്മിനി വിളക്കിന്റെ പ്രകാശം എനിക്ക് നല്ല ഇഷ്ട്ടമായിരിന്നു . ഈര്ക്കിലിയോ കടലാസ് തുണ്ടോ കത്തിച്ചു കളിക്കുന്ന കാലം ഇടയ്ക്കു ചുരുട്ടി കത്തിച്ചു പുക പുറത്തു വിടുന്ന കാലം എന്തായാലും അന്ന് പവര്‍ കട്ടിനെ  ഞാന്‍ സ്നേഹിചിരിന്നു പവര്‍ കട്ട് ആയാല്‍ പിന്നെ പടിക്കണ്ടല്ലോ .....
അന്ന് ദൂരദര്‍ശന്‍ ചാനല്‍ അരങ്ങു വാഴുന്ന കാലമായിരിന്നു അതില്‍ ചിത്രഗീതം എന്ന പരിപാടി ഞങ്ങള്‍ മുടങ്ങാതെ കാണുകയും ചെയ്തിരിന്നു. പുതിയ ഫിലിമുകളിലെ പാട്ടുകളുമായി വരുന്ന സൂപര്‍ പരിപാടി. ഏതോ ഒരു പ്രത്യേക ദിവസത്തിലാണ് പരിപാടി പ്രക്ഷേപണം ചെയ്തിരുന്നതെന്നാണ് എനിക്ക് ഓര്‍മ്മ .... ഞാരാഴ്ചയോ മറ്റോ.... എന്തായാലും അന്നേരം എല്ലാവരും ടി വി ക്കുമുന്നില്‍ എത്തും......
ആ കാലങ്ങളില്‍ എന്റെ മൂത്തമ്മാന്റെ (വല്യമ്മ ) മകന്‍ വൈകുന്നേരങ്ങളില്‍ വീടിലേക്ക്‌ വരുമായിരിന്നു. ആളൊരു സംഗീത പ്രേമി ആയതു കൊണ്ട് തന്നെ ചിത്രഗീതം തുടങ്ങുന്നതിനു മുന്നേ അദ്ദേഹം അവിടെ എത്തുമായിരിന്നു അത് എത്ര തിരക്കാനന്കിലും ശരി.....
                               അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പവര്‍ കട്ട് സമയത്ത് ചിമ്മിനി വിളക്കിനു മുന്നില്‍ കൂടിയിരിന്നു സൊറ പറയുമ്പോള്‍ അതാ നമ്മുടെ കക്ഷി ഓടി വരുന്നു. നേരെ വന്നു " എന്താ എല്ലാരും ഇവിടെ ഇരിക്കുന്നത് ചിത്രഗീതം തുടങ്ങീല്ലേ? " എന്നും ചോദിച്ചു കൊണ്ട് ചിമ്മിനി വിളക്കും എടുത്തു കൊണ്ട് നേരെ ടി വി യുടെ അടുത്തേക്ക്‌ ഓടി ....." നിങ്ങളൊക്കെ മറന്നിട്ടുണ്ടാകും അല്ലെ എത്രാമത്തെ പാട്ടയോ എന്തോ ? " എന്ന് പറയുകയും ടി വി യുടെ സ്വിച്ചില്‍ അമര്‍ത്തി കൊണ്ടിരിക്കുകയും ചെയ്തു..... അദ്ദേഹത്തിന്റെ ചെയ്തികളില്‍ അല്‍പ്പനേരം അമ്പരന്നു പോയ ഞങ്ങള്ള്‍ക്ക് പിന്നീട് ചിരി നിര്‍ത്താനായില്ല ...... അപ്പോഴാണ്‌ അദ്ദേഹവും  തനിക്കു പറ്റിയ അമളിയെ കുറിച്ച് ഓര്‍ക്കുന്നത് .... അപ്പോഴും ചിമ്മിനി വിളക്ക് ഇതൊന്നും കാര്യമാക്കാതെ  അവിടെയാകെ പ്രകാശം പരത്തികൊണ്ടിരിന്നു..

pensil drawing

എന്റെ സുഹൃത്ത് ഹന്സിന്‍ ജാബിരിന്റെ മകള്‍ റിഹാം  മറിയം എന്റെ വരയില്‍ .

സുറുമകണ്ണുള്ള രാജകുമാരി

  
                                            സുറുമകണ്ണുള്ള രാജകുമാരി

                                  ര്‍ത്തു പെയ്തിരുന്ന മഴയുടെ ശക്ത്തി അല്പം കുറഞ്ഞണ്ണു, എന്നാലും ചാറ്റല്‍ വിട്ടു പോയിട്ടില്ല. മരങ്ങളെയും ചെടികളെയും പുഴയും ചുംബിച്ചു അവനങ്ങനെ പെയ്യുന്നുണ്ട് തിരികെ പോവാന്‍ മടിച്ചു കൊണ്ട്. വഴിയില്‍ പെയ്തു വീണ മഴത്തുള്ളികള്‍ ചാലിലൂടെ പുഴയിലേക്ക് ഒഴുകുന്നുണ്ട്, ഒഴുകി മറിയുന്ന പുഴയെ പുണരാന്‍. രാമന്റെ തോണി അക്

കരെക്കു പോകാന്‍ കാത്തു നില്‍ക്കുന്നുണ
്ട്, മഴക്കാലമായാല്‍ വല്ല്യ കഷ്ട്ടമാണ് സ്കൂളില്‍ പോകുന്ന നൂറില്‍ പരം കുട്ടികള്‍ക്ക് രാമന്റെ തോണിയാണ് ആശ്രയം, രാമന്‍ തന്നെ ചിലര്‍ക്ക് സമയം നിശ്ചയിച്ചന്നു അവര്‍ ആ സമയത്ത് അവിടെ എത്തിയിരിക്കണം അല്ലങ്കില്‍ പിന്നെ അവസാന ട്രിപ്പിനു കാത്തു നില്‍ക്കേണ്ടി വരും അല്ല അവനെ പറഞ്ഞിട്ടും കാര്യമില്ല ഇവരൊക്കെ ഒരുമിച്ചു വന്നാല്‍ ..

രാമന്‍ തോണിയില്‍ കയറി കൂവാന്‍ തുടങ്ങി , ചിലര്‍ ചാറ്റല്‍ മഴയെ കാര്യമാക്കാതെ തോണിയില്‍ കയറുന്നുണ്ട്.

"ഡാ നീ പോരുന്നില്ലേ? മഴ കുറവുണ്ട് .."
ഇല്ല നീ വിട്ടോ ഞാന്‍ അടുത്ത ട്രിപ്പില്‍ വരാം
മനുവിനെ പറഞ്ഞു വിട്ടു റഫി മരച്ചുവട്ടില്‍ നിന്നു.
"സുഹൈലേ... ഡാ തടിയാ .. ഞാനും ഉണ്ട് , ഒന്ന് നിക്കടാ ... "
ഹ നീ ഇന്ന് ഒറ്റയ്ക്കാണോ? റഫി എവിടെ മനൂ ?
"അവന്‍ റൂബിയെ കാത്തു നില്‍ക്കായിരിക്കും ആ മരത്തിനടിയില്‍ നില്‍ക്കുന്നുണ്ട്
മഴ ഇനിയും വരുമെന്നതിനാല്‍ ഞാന്‍ ഇങ്ങു പോന്നു "
"ഹും അവനു പിന്നെ മഴയോ വെയിലോ ഇല്ലല്ലോ റൂബി ഉണ്ടെങ്കില്‍"
"ഹ ഹ പാവം ജീവിച്ചു പോക്കൊട്ടടാ"
മ്... മ് ... ഞാനൊന്നും പറയുന്നില്ലേ ....

കലങ്ങി മറിഞൊഴുകുന്ന പുഴയിലൂടെ രാമന്റെ തോണി അക്കരെക്കു പോകുന്നത് നോക്കി റഫി നിന്നു, തോണിയില്‍ നിന്നും രാമന്റെ പട്ടു കേള്‍ക്കുന്നുണ്ട്

" ഈ തോണിയിലക്കരെ പോരാന്‍ 
  നീ കൂടെ പോരുമോ പെണ്ണെ
  നെഞ്ചോട്‌ ചേര്‍ന്നിരിന്നു കൈകള്‍
  ചേര്‍ത്തു പോകാം പെണ്ണെ
  ഈ തോണിയിലക്കരെ പോരാന്‍ ..."

                 പാട്ട് കേട്ട് കനവുകണ്ടു മരത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍ അവന്‍ ആസ്വതിച്ചു നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നും പവിഴമുത്ത് പൊഴിയുന്ന പോലെയുള്ള ചിരികേട്ടത്. അവന്‍ സന്തോഷത്തോടെ തിരിഞ്ഞു നോക്കി, അതെ തന്റെ രാജകുമാരി റംസാന്‍ നിലാവ് പോലെ, ചുണ്ടില്‍ പുഞ്ചിരിയുമായി , കവിളില്‍ അകത്തു ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെ നുണക്കുഴികള്‍ തെളിയുന്നുണ്ട്, സുറുമയെഴുതിയ കണ്ണുകളാല്‍ ഇടകണ്ണിടുന്നുണ്ട്‌, തന്നെ പുണരാന്‍ വെമ്പുന്ന മഴയെ തടുത്തു കുടയും ചൂടി ...

റഫിക്കരികില്‍ എത്തിയപ്പോള്‍ റൂബി വേഗത ഒന്ന് കുറച്ചു . കൂട്ട് കാരികള്‍ ഒന്ന് അമര്‍ത്തി മൂളി കടന്നു പോയി ....മഴ പ്രണയപരവശനായി ചിണുങ്ങി ചിണുങ്ങി പെയ്തുകൊണ്ടിരിന്നു.

"എത്രനേരമായി പൊന്നെ നിന്നെ കാത്തു ഈ മഴയില്‍ നില്‍ക്കുന്നു"
"ഞാന്‍ പറഞ്ഞോ മഴ കൊള്ളാന്‍ ഒരു കുട എടുത്തു പോന്നുടെ?"
"കുടയോ ... പിന്നെ ഞാന്‍ എങ്ങെനെ എന്റെ രാജകുമാരിയുടെ കുടയില്‍ കയറും, എങ്ങെനെ നിന്റെ അത്തറിന്‍ ഗന്ധമാസ്വതിക്കും ?"

മടിച്ചു നിന്നിരുന്ന തെക്കന്‍ കാറ്റ് ഒന്ന് ഇളകി വീശി ഇലകളില്‍ വിശ്രമിചിരിന്ന മഴത്തുള്ളികളെ ഒന്ന് പൊഴിച്ചു, റഫി അവളുടെ കുടയിലേക്ക്‌ ചേര്‍ന്ന് നിന്നു.അവള്‍ നാലുപാടും അറിയാതെ ഒന്ന് നോക്കിപ്പോയി .

"ഹും കുടയില്‍ കയറി അത്തറും ആസ്വതിച്ചു നടന്നു എന്നെ എന്നാണാവോ വീട്ടില്‍ കയറ്റാതാക്കുക".

ഹോ നിന്നെ കയറ്റിയില്ലങ്കില്‍ നീ ഇങ്ങു പോരെ നിനക്കായ് ഞാന്‍ എന്റെ ഹൃദയം കൊണ്ടൊരു കൊട്ടാരം പണിയാം , നിനക്കരികില്‍ നിന്റെ പുഞ്ചിരിയും കണ്ടു ഈ സുറുമ കണ്ണുകള്‍ നോക്കി കാവലിരിക്കാം എന്തെ പോരെ ?

"മ്... മ് .... വല്ല്യ വല്ല്യ വാക്കുകള്‍ പറഞ്ഞാല്‍ മതി നിക്ക് മനസിലാവില്ലല്ലോ "
"അത് പോട്ടടി പെണ്ണെ എന്തെ ഇന്ന് വൈകിയേ ?"
"നല്ല മഴയല്ലേ എങ്ങെനെ പോരാനാ ഞങ്ങള്‍ സുനിതയുടെ വീട്ടില്‍ നിന്നു എനിക്കിനി അടുത്ത ട്രിപ്പല്ലേ .. അല്ല നീ എന്തെ പോവഞ്ഞേ ഇനിയിപ്പോ രാമേട്ടന്‍...
"ഓ രാമേട്ടന്‍ ഒന്നും പറയില്ല അങ്ങേര്‍ക്കറിയാം ..."
"എന്തറിയാം ?"
"എല്ലാം അറിയാം"
"ന്റെ പടച്ചോനെ ഉപ്പയുടെ ചെവിയിലെങ്ങാന്‍ എത്തിയാല്‍ ..."
"എത്തിയാല്‍ എന്താ? എനിക്കാരെയും പേടിയില്ല"
"ഉണ്ടാവില്ല എനിക്കങ്ങനെ അല്ലല്ലോ ഉള്ള അടിയൊക്കെ ഞാന്‍ വങ്ങേണ്ടി വരും

കടവിനോട് അടുക്കാരായപ്പോള്‍ തന്നെ രാമാന്‍ നീട്ടി കൂവാന്‍ തുടങ്ങി റൂബിയുടെ കൈകളാല്‍ കുടയില്‍ പിടിച്ചു റഫി കടവിലേക്ക് നടന്നു.കടവ് എത്തിയപ്പോഴേക്കും മഴ വീണ്ടും വന്നു. എല്ലാവരെയും പെട്ടന്ന് കയറ്റി രാമന്‍ തോണി തിരിച്ചു.

മഴയുടെ കുളിരില്‍ ഒരു കുടക്കീഴില്‍ അവര്‍ പ്രണയശ്രീലതരായി. പുഴയുടെ ഓളങ്ങളുടെ താളത്തില്‍ അവര്‍ പ്രണയം പങ്കുവെച്ചു,കണ്ണുകളാല്‍ കനവുകള്‍ കൈമാറി, അവരുടെ കൈകള്‍ക്കിടയില്‍ പെട്ട് പാവം കുടയുടെ പിടി ഞെരിപിരി കൊണ്ടു . പ്രണയവും മഴയും രാമന്‍ തന്റെ പാട്ട് ആസ്വതിച്ചു പാടാന്‍ തുടങ്ങി

" ഈ തോണിയിലക്കരെ പോരാന്‍
  നീ കൂടെ പോരുമോ പെണ്ണെ
  നെഞ്ചോട്‌ ചേര്‍ന്നിരിന്നു
  കൈകള്‍ ചേര്‍ത്തു പോകാം പെണ്ണെ
  ഈ തോണിയിലക്കരെ പോരാന്‍ ..."

                                                ഓളങ്ങള്‍ക്ക് ശക്ത്തികൂടിയതോ എന്തോ , രാമന് തോണി നിയന്ത്രിക്കാനായില്ല ഒഴുക്കിന്റെ ശക്ത്തിയും തോണിയിലുള്ളവരുടെ വെപ്രാളവും, രണ്ടു ഉലയലോട് കൂടി തോണി മറിഞ്ഞു...
കോര്‍ത്തു വെച്ച കൈകള്‍ മുറുക്കി പിടിച്ചു വെള്ളത്തിനു താഴോട്ടു പോയി തന്റെ മുടിയില്‍ പിടിച്ച കൈകള്‍ വേര്‍പെടുത്താന്‍ കോര്‍ത്തുവെച്ച കൈ റഫി വിട്ടു. തന്നെ പിടിച്ചു താഴ്ത്തിയവനില്‍ നിന്നും സ്വതന്ത്രനായപ്പോള്‍ റൂബിയെ കാണുന്നില്ല. വെള്ളത്തിനു മുകളില്‍ വന്നു ആര്‍ത്തു വിളിച്ചു കാണുന്നില്ല, വീണ്ടും വെള്ളത്തിനു അടിയിലേക്ക്. മുങ്ങി താഴുന്ന എത്രയോ പേര്‍ കലങ്ങി മറിഞ്ഞ വെള്ളത്തില്‍ ഒന്നും വ്യക്തമാകുന്നുമില്ല . കാലില്‍ പിടിച്ചു താഴോട്ടു വലിച്ചയാളെ റഫി പിടിച്ചു പൊക്കി സുനില്‍ അവന്‍ വെള്ളം കുടിച്ചു കണ്ണു തുറിചിരിക്കുന്നു അവനെ കൊണ്ട് കരയിലേക്ക് നീന്തി , കുറെ പേര്‍ മറിഞ്ഞ തോണിയില്‍ പിടിച്ചു നില്‍ക്കുന്നുണ്ട് സുനിലിനെ കരയിലാക്കി റൂബിയെ വിളിച്ചു കൊണ്ട് അവന്‍ വീണ്ടും പുഴയിലേക്ക് നീന്തി...
മുന്നില്‍ കണ്ട മുടിയിഴകലെല്ലാം കയ്യിലോതുക്കി കരയിലേക്ക് തിരിച്ചു നീന്തി. റൂബിയെ മാത്രം കണ്ടില്ല അവന്റെ ശരീരം തളര്‍ന്നു തുടങ്ങി അവന്‍ തിരിച്ചു നീന്തി കയ്യില്‍ ചുറ്റി പിടിച്ച മുടിയുമായി കരയില്‍ എത്തുന്നതിനു മുന്നേ അവന്റെ കൈകള്‍ കുഴഞ്ഞു ശരീരം വെള്ളത്തില്‍ അലിഞ്ഞു പോകുന്നപോലെ പിടി അയഞ്ഞു അവന്‍ വെള്ളത്തിലേക് താഴ്ന്നു ...

                                                കണ്ണുകള്‍ തുറന്നപ്പോള്‍ സുനിലും മനുവും ഫസലും അടുത്തുണ്ടായിരിന്നു... സ്കൂള്‍ മൊത്തം അവിടെ ഉണ്ടെന്നു തോന്നി അവനു. താന്‍ സ്കൂളിലാണന്ന തോന്നല്‍ നെഴ്സുമാരെ കണ്ടപ്പോഴാണ് മാറിയത് .

"ഞാന്‍ .. ഞാന്‍ .. റൂബി ..."
"ഒന്നുമില്ല.. ഒന്നുമില്ലടാ രാമെട്ടനാ നിന്നെ കരക്കെത്തിച്ചത്"
"റൂബി, എന്റെ റൂബി അവള്‍... അവള്‍ എവിടെ ... എനിക്കവളെ.... എനിക്കവളെ രക്ഷിക്കാനായില്ലടാ അവളെ മാത്രം .... "
അവന്‍ ആര്‍ത്തു കരഞ്ഞു
അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി ....
"എടാ എനിക്കവളെ ഒന്ന് കാണിച്ചു താടാ അവസാനമായെങ്കിലും ...
എടാ ഫസലേ പ്ലീസ്...."
അവര്‍ അവനു അരികില്‍ ചെന്നു
നീ ഇങ്ങനെ കരയല്ലേ .. ആദ്യം സമാതാനിക്ക്
അവന്‍ തേങ്ങി തേങ്ങി കരഞ്ഞു...
അവര്‍ അവനെ മെല്ലെ ബെഡ്ഡില്‍ എണീപ്പിച്ചു ഇരുത്തി
"ദേ അങ്ങോട്ട്‌ നോക്ക് ആ കിടക്കുന്നത് ആരാണന്നു ..."
അവന്‍ തനിക്കു മുന്നിലുള്ള ബെഡിലെക്ക് നോക്കി, തന്റെ രാജകുമാരി, റംസാന്‍ പിറ പോലെ ...
"ഡാ അവള്‍ ... അവള്‍ക്കു വല്ലതും "

ഒരു കുഴപ്പവും ഇല്ല ഉറങ്ങുകയാണ് നേരെത്തെ എണീറ്റപ്പോള്‍ നിന്നെ ചോദിച്ചിരിന്നു ..

"അവളെ ആരാ ...."

"ഇത് നല്ല കഥ .. എല്ലാവരെയും നീ തന്നെയല്ലേ രക്ഷിച്ചത് നീ കുഴങ്ങുമ്പോള്‍ നിന്റെ കയ്യില്‍ ഇവളായിരിന്നു രാമേട്ടന്‍ നിന്നെ പൊക്കിയപ്പോള്‍ നീ ഇവളുടെ മുടിയില്‍ മുറുക്കി പിടിചിരുന്നത്രേ

അവന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊഴിഞ്ഞു

"ഡാ ഞാന്‍ അറിഞ്ഞിരുന്നില്ലടാ അവളാണന്നു എന്റെ കണ്ണു അടയുമ്പോള്‍ പോലും മനസ്സില്‍ അവളെ രക്ഷിക്കാന്‍ പറ്റാത്തതിലുള്ള ..."

അ അ .. എന്തായാലും തോണി മറിഞ്ഞത് കൊണ്ടു ഒരു കാര്യം നടന്നു.

എന്തെ ?

അവളുടെയും നിന്റെയും വീട്ടുകാര്‍ സംഗതി അറിഞ്ഞു നിങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി..

എങ്ങെനെ ? ആരാ പറഞ്ഞത് ? ഈ സമയത്താനോടാ ഇതൊക്കെ ...

ആഹാ ഇപ്പൊ ഞങ്ങള്‍ക്കായോ കുറ്റം ? നിങ്ങള്‍ രണ്ടു പേരും ബോതമില്ലാതെ പരസ്പരം പേര് വിളിച്ചു കിടന്നാല്‍ ഇവിടെ ബോതമുള്ളവര്‍ക്ക് ഒന്നും മനസ്സിലാവില്ലേ ?

അവിടെ ഒരു കൂട്ടചിരിയായിരിന്നു ...

അവളുടെ ഉപ്പ നിന്നെ വന്നു കണ്ടാടാ നിന്റെ നെറ്റിയില്‍ ഉമ്മ വെച്ചാ അങ്ങേരു പോയത് .... അവന്റെ കലങ്ങിയ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പൊഴിഞ്ഞു കൊണ്ടിരിന്നു. മനുവും ഫസലും സുനിലും കൂടി രാമേട്ടന്റെ പാട്ട് പാടാന്‍ തുടങ്ങി

" ഈ തോണിയിലക്കരെ പോരാന്‍
നീ കൂടെ പോരുമോ പെണ്ണെ
നെഞ്ചോട്‌ ചേര്‍ന്നിരിന്നു
കൈകള്‍ ചേര്‍ത്തു പോകാം പെണ്ണെ
ഈ തോണിയിലക്കരെ പോരാന്‍ ..."

അവന്‍ വീണ്ടും ബെഡ്ഡിലേക്ക് നോക്കി .... അവള്‍ ഉറങ്ങുകയാണ് ...നെഞ്ചോട്‌ ചേര്‍ത്തു തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു പ്രണയത്തിന്റെ തീരങ്ങളിലേക്ക് മഴയില്‍ കുളിര്‍കോരി തന്നെ കൊണ്ടുപോവാന്‍ വരുന്ന തന്റെ രാജകുമാരനെയും സ്വപ്നവും കണ്ട്....

ഫാഇസ് കിഴക്കേതില്‍