നീയും ഞാനും
***************
അന്ന് നീയും ഞാനും
തൂവെള്ള താളുകളായിരുന്നു
എഴുതി തുടങ്ങാത്ത
പുസ്തകത്തിലെ
മഷി പുരളാത്ത താളുകള്‍ .
പുതു മഴയില്‍
ഒരുകുടക്കീഴിലേ നിന്ന്
സല്ലാപമെന്നോണം അന്ന്
നാം പറഞ്ഞ കഥകള്‍
നമ്മുടെ സ്വപ്നങ്ങളായിരിന്നു.
മനസിനെ ഇടയ്ക്കിടെ
പൊടി തട്ടിയെടുത്തത്
ആ സ്വപ്നങ്ങളുടെ മനോഹര
വര്‍ണ്ണങ്ങളായിരിന്നു.
എങ്കിലും
കണക്ക്കൂട്ടലുകളുടെ
ലോകത്ത് നാം പാഞ്ഞു നടന്നപ്പോള്‍
കൊഴിഞ്ഞു പോയതെന്തോ
നാമറിയാതെ പോയി.
തിരികെ നോക്കുമ്പോള്‍
ഒഴുകി അകന്ന
മഴവെള്ള പാച്ചിലായി
കാലം നമ്മെ നോക്കി
ചിരിക്കുന്നുണ്ടോ ?
ഹ്രസ്വ ജീവിതത്തിലെ
ദിനരാത്രികളില്‍ നിന്ന്
പ്രണയത്തിന്റെ
സ്നേഹത്തിന്റെ
വാത്സല്യത്തിന്റെ
ഇത്തിരി നേരം
നമുക്ക് അരിച്ചെടുക്കാനാകുമോ ?
അരികിലുണ്ടായിട്ടും
നാം കുഴിയാനകളായി
മാറിയത് ആരില്‍ നിന്നുള്ള
ഒളിച്ചോട്ടമായിരിന്നു ?
എന്തിനു വേണ്ടിയുള്ള
നെട്ടോട്ടമായിരിന്നു ?
ഇന്ന് നീയും ഞാനും
കീറിയെടുത്ത താളുകളാണ്
എഴുതി തീരാത്ത
പുസ്തകത്തിലെ
മഷിയാല്‍ മുഷിഞ്ഞ
ഇരുണ്ട താളുകള്‍ .
ചിലന്തി വലയില്‍
കുരുങ്ങിയ ഇരകളുടെ
സല്ലാപമെന്നോണം ഇന്ന്
നമുക്ക് പറയാനുള്ള കഥകള്‍
നമ്മുടെ ജീവിതമാണ്
വിരഹത്തിനു ബലി കൊടുത്ത
നമ്മുടെ പ്രണയ ജീവിതം .