Followers

14.1.13

രാവ്



 
 
 
 
 
 


ഇതളടര്‍ന്നു വീണ പകലിനൊരു
വിരുന്നുകാരനായ്
പതിവ് തെറ്റാതെ
ഇന്നുമെത്തിയിട്ടുണ്ടൊരു-
രാവ്,
ഇരുണ്ടു കൂടുന്നുണ്ടാകാശം
ഇരുളെറിഞ്ഞു വഴി മറക്കും
മുന്നേ വീടുപിടിക്കണം
ചിമ്മിനി വെട്ടത്തിന്
ചുറ്റുമിരുന്നു
പാടവരമ്പിലേക്ക്
കണ്ണെറിയുന്ന മക്കള്‍ക്ക്‌
കോന്തലയില്‍ ചുരുട്ടി
കപ്പലണ്ടി വെക്കണം ,
പുകച്ചു തുപ്പാന്‍
ബീഡികെട്ടിനൊപ്പം,
താലിച്ചരടിനോടൊപ്പമണിയാന്‍
ഒരു കരിമാലകൂടി വാങ്ങണം
ഇരുളണയുമ്പോഴും
വെളിച്ചമേകുന്ന
അവള്‍തന്‍ കണ്ണുകള്‍ക്ക്‌
പുരട്ടാന്‍ഇച്ചിരി
കണ്മഷി വേണം
പുകമറച്ച കലത്തില്‍
വെന്തുടഞ്ഞ കഞ്ഞികൊപ്പം
മുരിങ്ങയില താളിപ്പുമായ്
ഇന്നും വയര്‍ നിറയ്ക്കണം

നോക്കേണ്ട
ഇതെന്‍റെ മാത്രം രാവാണ്‌
നാടിന്നുയര്‍ച്ച നോക്കി
നിര്‍വൃതിയടയുന്നവര്‍ക്കിടയില്‍
ജീവിക്കാനോടുന്ന
ഒരു പാവത്തിന്റെ രാവ്
വൈകുന്നില്ല ഞാന്‍ വീടണയട്ടെ

No comments:

Post a Comment