Followers

3.12.12

മഴ നനഞ്ഞ കണ്ണുകള്‍



                       നിനച്ചിരിക്കാതെ പെയ്ത വേനല്‍ മഴയില്‍ ഓടി പ്ലാട്ഫോമിലേക്ക്  കയറി ഞങ്ങള്‍ . ട്രെയിന്‍ വരുന്നതും കാത്തു നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി കുളിര്‍ കോരി നിന്നു . തൃശ്ശൂരില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് അവളെ കണ്ടത്. എന്‍റെ കൂടെ കൂട്ടുകാരും ഉണ്ട് അവര്‍ കൂടെ കൂടിയാല്‍ പിന്നെ എല്ലാം കുളമാകും മുന്നേ ഉണ്ടായ അനുഭവങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. കൂട്ടുകാരല്ലേ ഒപ്പം കൂട്ടാം എന്ന് കരുതി ഒരുമിച്ചിരിന്ന് തേനൊഴുക്കുമ്പോഴാകും ചിലര്‍ കേറിയങ്ങ് ഗോളടിക്കും പിന്നെ നമ്മള്‍ പിന്നില്‍ വല്ല ഡിഫെന്‍സിലും കളിക്കേണ്ടി വരും.

                           പണ്ടൊരു ദിവസം ഒരുത്തിയെ ഒറ്റക്ക് കിട്ടിയിട്ട് മനോഹരമായി കത്തിയടിക്കുംബോഴാ സുഹൈല്‍ കടന്നു വരുന്നത്. എന്നാ ഞാന്‍ നല്ലൊരു കാര്യത്തിലല്ലേ അവന്‍ നടത്തട്ടെ എന്ന് ആ പഹയനുണ്ടോ കരുതുന്നു അവന്‍ കേറി എന്റെ അടുത്ത വന്നിരിന്നു. പണ്ടാരം പിന്നെ പരിചയപെടുത്താതിരിക്കാന്‍ ഒക്കില്ലല്ലോ. ഒടുവില്‍ അവന്‍ കേറിയങ്ങ് വിളയാട്ടം തുടങ്ങി. അവനാണങ്കില്‍ ഒടുക്കത്തെ ഗ്ലാമറും .. അവസാനം ഞാന്‍ കേട്ട് കൊണ്ടിരിക്കേണ്ടി വന്നു. അവന്റെ കത്തി കൊണ്ട് അവള്‍ വേദനിക്കുമ്പോള്‍ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരിന്നു ... എന്ത് ദ്രോഹമാടാ ഞാന്‍ നിന്നോട് ചെയ്തത്? എന്ന രീതിയില്‍ ,
ഒടുവില്‍ ഞാന്‍ അവിടെന്നു എണീറ്റ്‌ ഡോറിനു അടുത്തേക്ക്‌ പോയി. കുറച്ചു കഴിഞ്ഞപ്പോ അവളും അങ്ങോട്ട്‌ വന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി അവനെ കാണുന്നില്ല . എവിടെ എന്ന് അവളോട ചോദിച്ചപ്പോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞു . ഞാന്‍ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി . അവളെ വിട്ടു അവന്‍ എങ്ങെനെ പോയി ? എനിക്കങ്ങു വിശ്വാസമായില്ല . അവളോട്‌ ചോദിച്ചിട്ടാനങ്കില്‍ മറുപടിയും പറയുന്നില്ല. പട്ടമ്പി എത്തിയപ്പോള്‍ അവളോട യാത്രയും പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത് . ബസ്സ്റ്റാന്റില്‍ നിന്നാണ് പിന്നെ സുഹൈലിനെ കണ്ടത്. അവനോട എന്താ കാര്യം എന്ന് ചോദിച്ചു. കുറെ ചോദിച്ചപ്പോ അവന്‍ പറഞ്ഞു .. ഓ അവള്‍ക്കു വല്യ ജാഡയാ ...
                             പക്ഷെ അവിടെ എന്തോ ഒന്ന് ഉണ്ടായിട്ടുണ്ടാവുമെന്നു എനിക്കുറപ്പായി അല്ലാതെ ആ പഹയന്‍ ഒരു പെണ്ണിനേയും ജാഡ എന്ന് വിളിക്കില്ല . അവളുടെ അടുത്ത നിന്ന് വേണ്ടപോലെ  കേട്ടിട്ടുണ്ടാകുമെന്നു തോന്നി.

                             കുറെ കാലങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കാണാന്‍ ഇടയായി. കണ്ടപ്പോള്‍ തന്നെ അവള്‍ കൈ കാണിച്ചു ഷൊര്‍ണൂരില്‍ നിന്നും അടുത്ത സീറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ഇരിന്നു. കുശലങ്ങല്‍ക്കിടയില്‍ സുഹൈലിനെ കുറിച്ച് അവള്‍ ചോദിച്ചു .. പണ്ടാരം അവനെ മറന്നിട്ടില്ലേ എന്ന് ഞാന്‍ മനസ്സില്‍ കരുതി ... അവന്‍ അപ്പുറത്തെ ബോഗിയില്‍ ഉണ്ടെന്നു പറഞ്ഞു. അന്ന് ഉണ്ടായതിനെ കുറിച്ച് ഞാന്‍ ചോദിച്ചു അപ്പോഴല്ലേ അവളുടെ ജാടയെ കുറിച്ച് എനിക്ക് മനസിലായത്... അവന്റെ കത്തി സഹിക്ക വെയ്യാതായപ്പോള്‍ അവള്‍ എന്റെ നമ്പര്‍ അവനോടു ചോദിച്ചു ... നിങ്ങ പറ അവന്‍ കൊടുക്കുമോ ? പക്ഷെ അവന്‍ കൊടുത്ത് അവന്റെ നമ്പര്‍ .. അവളാനങ്കിലോ സംസാരിക്കുന്നതിനിടയില്‍ അതിലേക്കു അടിച്ചു അവന്‍ അത് കാണാതെ അവള്‍ക്കു മുന്നില്‍ ഇരുന്നു തന്നെ ഫോണ്‍ എടുക്കുകയും ചെയ്തു ... പിന്നെ പറയണോ ? ഇതും പറഞ്ഞു അവള്‍ ചിരിക്കാന്‍ തുടങ്ങി ഞാനും അടുത്തുണ്ടായിരുന്ന മറ്റു യാത്രക്കാരും ... അതിലെ ഒരു ചേച്ചീ ഇടയ്ക്കിടയ്ക്ക് ട്യൂബ് ലൈറ്റ് പോലെ ചിരിക്കുന്നുണ്ടായിരിന്നു. എന്തായാലും അന്ന് ചോദിച്ചതല്ലേ എന്ന് പറഞ്ഞു ഞാന്‍ ചുളിവില്‍ നമ്പര്‍ കൊടുത്തുട്ടോ ... നല്ലൊരു സുഹൃത്ത് ... കണ്ണൂര്‍ പയ്യാമ്പലം ബീചിനടുത്താണ് വീട് .

                              എന്തായാലും അതുമാതിരി ഒരു അവസ്ഥ വരരുതെന്ന് ഞാന്‍ തീരുമാനിചിരിന്നു. അത് കൊണ്ട് തന്നെ ഇവളെ കണ്ടപ്പോള്‍ അവിടെ ബാഗും വെച്ച് ഞാന്‍ കൂട്ടുകാരുടെ കൂടെ പയി . അവര്കെല്ലാം ഓരോ സീറ്റ് കിട്ടി എന്ന് കണ്ടപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. കണ്ണാടിയില്‍ നോക്കി നനഞ്ഞ  മുടിയിഴകള്‍ ഭംഗിയാക്കി ... 

                                   ബാഗ്‌ വെച്ചിടത്ത് എത്തിയപ്പോ അവള്‍ ജനലിനോട്‌ ചേര്‍ന്ന് പുറത്തേക് നോക്കിയിരിക്കുന്നു. വെള്ളയില്‍ പച്ച കളറുള്ള ചുരിദാര്‍ വെളുത്ത നിറം പാറികളിക്കുന്ന മനോഹരമായ മുടി , ചിലവ നെറ്റിയിലും കവിളിലുമായി ഒട്ടി കിടക്കുന്നു  കറുത്ത ഫ്രെയിം ഉള്ള കണ്ണട നെറ്റിയില്‍ ചെറിയ വളരെ ചെറിയ ഒരു പൊട്ട്, ഇടത്തെ കയ്യില്‍ വാച്ച് കെട്ടിയിരിക്കുന്നു , കഴുത്തില്‍ അണിഞ്ഞ നേര്‍ത്ത മാല മാറില്‍ പറ്റി കിടക്കുന്നു, അതിന്റെ കൂടെയുള്ളതാണന്നു തോന്നുന്നു മഞ്ഞു തുള്ളി പോലെ കമ്മലും, കവിളില്‍ മഴത്തുള്ളികള്‍ ചിത്രം വരച്ച പോലെ , ചെറിയ ചാറ്റല്‍ മഴയെ ഉള്ളൂ അവയുടെ നേര്‍ത്ത തുള്ളികള്‍ അവളുടെ കവിളുകളില്‍ ഉമ്മ വെക്കുന്നു അവ ആസ്വതിച്ചു അവള്‍ കണ്ണുകള്‍ മെല്ലെ അടക്കുന്നു.. വേറിട്ട്‌ നില്‍ക്കുന്ന മനോഹരമായ് കണ്‍പീലികള്‍  ആകെ കൂടി  ഒരു പ്രത്യേക  ചന്തം തന്നെ. ആദ്യ കാഴ്ചയേക്കാള്‍ മനസ്സ് വല്ലാതെ  പിടിച്ചിരുത്തിയ സൌന്ദര്യം ....

                അപ്പോഴേക്കും ട്രെയിന്‍ എടുത്തു കഴിഞ്ഞു. ഞാന്‍ അവളുടെ മുന്നില്‍ ഇരിന്നു. എന്റെ അടുത്ത് അവളുടെ അച്ഛനും അവള്‍ക്കു അടുത്ത അമ്മയും അനിയനും വന്നിരിന്നു. ഛെ ... എല്ലാം പോയി എന്ന് ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി . ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി അയാള്‍ എനിക്ക് മനം കുളിര്‍ക്കുന്ന ഒരു പുഞ്ചിരി തന്നു ... ഹാവൂ സമാദാനമായി ..

                  പൂങ്കുന്നം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ പരിചയപെട്ടു. ശ്രിതി എന്നാണു അവളുടെ പേര്,അച്ഛന്‍ അവളുടെ പേര് പറഞ്ഞപ്പോള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെ ചിരി അങ്ങനെ കിട്ടിയിരിക്കുന്നു എന്ത് ചന്തം ആ പുഞ്ചിരി കാണുവാന്‍, സംസാരത്തിനിടയില്‍ അവളെ ഞാന്‍ ഇടയ്ക്കിടെ നോക്കി കൊണ്ടിരിന്നു കാറ്റില്‍ പാറി മുന്നോട്ടു വരുന്ന മുടിയിഴകളെ പതിയെ ചെവിക്കു പിന്നില്‍ ഒതുക്കി വെക്കുന്നത്, കാറ്റ് കൊണ്ട് ഉണങ്ങുന്ന ചുണ്ടുകളെ നാവു കൊണ്ട് നനപ്പിക്കുന്നത്, കണ്‍പീലികള്‍ ഇളകുന്നത്, കാതിലെ മഞ്ഞു തുള്ളി ആടുന്നത് ചുണ്ടില്‍ വന്നു വീഴുന്ന മഴത്തുള്ളികളെ നുണയുന്നത് വിരലുകളാല്‍ മഴയെ പുണരുന്നത്  നനഞ്ഞുതിര്‍ന്ന കണ്ണുകള്‍ പിടക്കുന്നത്‌   അങ്ങനെ ഓരോ കാഴ്ചയും സുന്ദരം . പക്ഷെ ഒന്നും മിണ്ടുന്നില്ല ഇടയ്ക്കിടെ നോക്കുന്നുണ്ട് ഞങ്ങള്‍ പറയുന്ന തമാശ കേട്ട് പുഞ്ചിരിക്കുന്നുമുണ്ട്.

                മഴയ്ക്ക് ശക്ത്തി കൂടി ജനലിന്റെ ഗ്ലാസ് വലിച്ചിടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ അവ താഴ്ത്തികൊടുത്തു ,പുറത്തെ കാഴ്ചകള്‍ മതിയായിട്ടാണോ മഴ അതികമായത് കൊണ്ടോ  എന്തോ അവള്‍ അമ്മയുടെ തോളിലേക്ക് ചായ്ഞ്ഞു. ഇത് തന്നെ പറ്റിയ അവസരം ..

        ഇപ്പൊ എന്ത് ചെയ്യുന്നു ?      
 അവളോട്‌ ചോദിച്ച മറുപടിക്ക് അമ്മയാണ് മറുപടി തന്നത്
പ്ലസ്‌ ടു കഴിഞ്ഞു ...

ഇത്ര നേരമായിട്ടും ഒന്നും മിണ്ടിയിട്ടില്ല .. ഇനിയിപ്പോ സംസാര ശേഷി ഉണ്ടാവില്ലേ .. എന്തായാലും ഒന്നുടെ ചോദിക്കാം ...

ഏതായിരിന്നു എടുത്തിരുന്നത് ?

സയന്‍സ് ...

ഹ അവള്‍ മറുപടി പറഞ്ഞു .. അപ്പൊ സംസാരിക്കാനറിയാം കൊച്ചു കള്ളി മിണ്ടാതിരിക്കുകയായിരിന്നു അല്ലെ ഞാന്‍ മനസ്സില്‍ പറഞ്ഞു.. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍കെല്ലാം മറുപടി പറഞ്ഞു .. അവള്‍ക്കു എന്നോട് ചോദിക്കാന്‍ അവളുടെ അച്ഛന്‍ ഒരൊറ്റ ചോദ്യം പോലും ബാക്കി വെച്ചിരുന്നില്ല ... ദുഷ്ട്ടന്‍ ...

നിങ്ങള്ക്ക് വെകേഷന്‍ ഒന്നും ഇല്ലേ ?

ദേ വന്നു ചോദ്യം .. ഞാന്‍ ആവേശത്തോടെ പറഞ്ഞു

ഉണ്ടല്ലോ  .. ഓണത്തിനും പൂരത്തിനും ക്രിസ്തുമസിനും അത് തന്നെ ദാരാളം ...

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവള്‍ ഉറകത്തിലേക്ക് വഴുതി വീണു അമ്മയുടെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങുന്നത് കാണാന്‍ നല്ല രസമുണ്ടായിരിന്നു. ഈ പെണ്ണ് ഇങ്ങനെ കിടന്നു ഉറങ്ങിയാല്‍ തടി കൂടില്ലേ യാത്രയിലോക്കെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിന്നൂടെ എന്നൊക്കെ തോന്നി ..മഴയുടെ ശക്ത്തി കൊണ്ട് എന്റെ സീറ്റിലേക്ക് വെള്ളം വരാന്‍ തുടങ്ങി ഞാന്‍ അവളുടെ അച്ഛന്റെ അടുത്തേക്ക്‌ മാറി ഇരുന്നു .. ഓരോ സ്ഥലത്തെത്തുംബോഴും മഴയുടെ കളി കാണാന്‍ കഴിഞ്ഞു ചിലയിടത്ത് പെയ്യാതെ ചിലയിടത്ത് പതിയെ ചിലയിടത്ത് ശക്ത്തിയില്‍ അങ്ങനെ മഴ കളിച്ചു കൊണ്ടിരിക്കുന്നു ...

അവളുടെ അനിയന്‍ മുകളില്‍ വെച്ചിരിക്കുന്ന വലിയ ബാഗില്‍ നിന്നും വെള്ളമെടുത്തു കുടിക്കുന്നത് കണ്ടു ഞാന്‍ അച്ഛനോട് ചോദിച്ചു എവിടെന്നാ യാത്ര കഴിഞ്ഞു വരുന്നത് ടൂര്‍ ആയിരിന്നോ ?
അതെ ഒരാഴ്ചത്തെ ട്യൂറാ മാസത്തില്‍ ഓരോ തവണ ...
അതെന്താ അവിടെ ബന്ധുക്കളാരെങ്കിലും ഉണ്ടോ ?
ഹേ .. ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി വരികയാ
ചെക്ക് അപ്പ്‌ ഉണ്ടോ മാസവും ? ഏതിലെക്കാ പോകുന്നെ ?
എം ജി ഹോസ്പിറ്റല്‍ ..
എന്താ അവിടേക്ക് പോകാന്‍
അത് ഐ സ്പെഷലിസ്റ്റു ഹോസ്പിറ്റല്‍ ആണ് ...
നിങ്ങള്ക്ക് വേണ്ടിയാണോ ?
അല്ല മോള്‍ക്കാ ..
എന്ത് പറ്റി കാഴ്ചക്ക് വല്ല തകരാറും ?

അവള്‍ക്കു ..... അവള്‍ക്കു എട്ടു മാസത്തോളമായി കണ്ണ് കാണാതായിട്ട് ...

പുറത്തു മഴ ശക്ത്തി കൂടി ഇടയ്ക്കു മിന്നലും  ഇടിയുടെ ശീല്ക്കാരങ്ങളും എന്‍റെ തലയ്ക്കു എന്തോ അടിച്ച പോലെ തോന്നി ആകെ മരവിപ്പ് .. മനസ്സ് കീറി മുറിയുന്ന പോലെ , വായും മൂക്കും പൊത്തിപിടിച്ച്‌ എന്നെ ശ്വാസം മുട്ടിക്കുന്ന പോലെ തലക്കുള്ളില്‍ ആകെ ഒരു പിരി പിരിപ്പ് ... തിളങ്ങുന്ന ആ കണ്ണുകള്‍ക്ക്‌ കാഴ്ചയില്ലന്നു, മനോഹരമായ ആ മുഖത്തു കണ്ണുകളെന്ന പേരില്‍ ഇളകുന്ന രണ്ടു വസ്ത്തുക്കള്‍ മാത്രമാണന്നു, , പുറത്തു പെയ്യുന്ന മഴയെ അവള്‍ കണ്ടിട്ടില്ലന്ന് നിറഞ്ഞു നില്‍കുന്ന പാടങ്ങളും നഞ്ഞുതിര്‍ന്ന മരങ്ങളും അവള്‍ കണ്ടിട്ടില്ലന്ന്,ഇത്ര നേരവും അവള്‍ക്കു മുന്നില്‍ ഇരിന്നിട്ടും അവള്‍ക്കു എന്നെ കാണാന്‍ കഴിഞ്ഞിട്ടില്ലന്നു  .... ഞാന്‍ ശക്ത്തിയായ് ശ്വാസം വലിച്ചു .. എവിടെയോ തങ്ങി നില്‍കുന്ന പോലെ വീണ്ടും വീണ്ടും ശക്ത്തിയായ് വലിച്ചു ...പതിയെ ചാരി കണ്ണുകള്‍ അടച്ചു ഇരിന്നു ...

ഒരു ദിവസം കെമിസ്ട്രി ലാബില്‍ നിന്നും എന്തോ കണ്ണിലേക്ക് ആയാതാണ്, അന്ന് കണ്ണ് അടച്ചിട്ടു പിന്നെ തുറന്നത് രണ്ടാഴ്ച കഴിഞ്ഞിട്ടാണ്. കാഴ്ച നഷ്ട്ടപെടാം എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞിരിന്നു ... തുറന്നപ്പോള്‍ മങ്ങിയ കാഴ്ചയായിരിന്നു പിന്നെ ഒരാഴ്ച്ചയെ വേണ്ടി വന്നുള്ളൂ അവളും ഞങ്ങളും ഇരുട്ടിലേക്ക് പോവാന്‍,ഇപ്പൊ ചെറിയ ഒരു മങ്ങിയ വെളിച്ചം മാത്രമേ ഉള്ളുവത്രേ . അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിഞ്ഞു ...

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയാതെയായി. മനസ്സ് വല്ലാതെ നോവുന്നു, മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് വെട്ടി വെട്ടി മുറിക്കുന്ന പോലെ... ഞാന്‍ പുറത്തേക്കും നോക്കിയിരിന്നു.... വേനലിന്റെ ചൂടില്‍ തളര്‍ന്നു നീര്ചാലായി ഒഴുകിയിരുന്ന നിളയില്‍ മഴ നല്‍കിയ വെള്ളം കുതിച്ചു പായുന്നു തുരുത്തുകല്‍ക്കിടയിലൂടെ ദൂരേക്ക് ദൂരേക്  അവ പോകുന്നു... പൊള്ളുന്ന നിളയുടെ നെഞ്ചില്‍ കുളിരേകാന്‍ അവ ഒഴുകി കൊണ്ടിരിന്നു ....   

ട്രെയിന്‍ പട്ടമ്പി സ്റ്റേഷനില്‍ എത്തി നിന്നു. അയാളുടെ കൈ പിടിച്ചു എല്ലാം ശരിയാകും എന്ന് പറഞ്ഞു അല്ലാതെ എന്ത് പറയാന്‍ ..... അമ്മയുടെ മടിയില്‍ അവള്‍ അപ്പോഴും ഉറങ്ങുകയാണ് ഉണര്‍ന്നാലും ഇരുട്ടിനെ വരവേല്‍ക്കുന്നവള്‍ക്ക് ഉറക്കം തന്നെ ...
അമ്മയോടും അനിയനോടും ഞാന്‍ തലയുടെ ചലനങ്ങള്‍ കൊണ്ട് യാത്ര പറഞ്ഞു. അവളെ വിളിക്കാന്‍ തുനിഞ്ഞ അമ്മയോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. എന്തിനു ഞാന്‍ യാത്ര പറയണം ... ഇനി കാണുമോ കണ്ടാലും അവള്‍കെന്നെ കാണാന്‍ ഒക്കുമോ ? മനസിലാകുമോ ? ഇരുണ്ട വെളിച്ചത്തിന് മുന്നില്‍ നിന്നും കേള്‍കുന്ന എത്രയെത്ര ശബ്ദങ്ങള്‍ ഉണ്ടാകും ... അവള്കെല്ലാവരും ഒരു പോലെ .. പിന്നെ എന്തിനു അവളെ ഞാന്‍ ഉണര്‍ത്തണം .. എന്തിനു അവളെ ഇരുട്ടിലേക്ക് ക്ഷണിക്കണം ... അവള്‍ ഉറങ്ങട്ടെ ... ഇരുട്ടില്‍ ഇരുട്ടിനെ ശപിക്കാതെ അവള്‍ ഉറങ്ങികൊള്ളട്ടെ ... പോകാന്‍ നേരം അവളുടെ കണ്ണടക്കിടയിലൂടെ ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി .... അവള്‍ ഇരുട്ടില്‍  വിശ്രമിക്കുകയാണ് ഇരുട്ടിലേക്ക് ഉണരാന്‍ ...

 മഴത്തുള്ളികള്‍ പ്ലാട്ഫോമിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ ശക്ത്തിയായി വീണുകൊണ്ടിരിന്നു.  പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ ആ കണ്ണുകള്‍ തുറന്നു എന്നെ നോക്കിയിരുന്നത് ഓര്‍മയിലേക്ക് വന്നു കൊണ്ടിരിന്നു  .. പിന്നീട് പലതവണ മഴയുള്ള ദിനങ്ങളില്‍  ആ കണ്ണുകള്‍ എന്‍റെ ഓര്‍മകളിലേക്ക് ഓടി വന്നു ഞാന്‍ വിളിക്കാതെ തന്നെ. ഇന്നും ആ കണ്ണുകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു ...ഇന്നും ഞാന്‍ ആ കണ്ണുകളെ തേടുന്നു, ഒരു മഴയത്ത് നനഞ്ഞ പീലികളുമായി ആ മഴ നനഞ്ഞ കണ്ണുകള്‍ കാണുമെന്നു ഞാന്‍ പ്രധീക്ഷിക്കുന്നു ........

10 comments:

  1. നന്നായി എഴുതി, പഴയതും പറഞ്ഞു കേട്ടതുമായ ഒരു കഥ , എങ്കിലും വായിക്കാൻ രസമുണ്ട് കെട്ടൊ

    ReplyDelete
  2. നന്നായിരിക്കുന്നു...
    നവ്യനുഭവം..
    എഴുതി ഒരാവര്‍ത്തി വായിക്കുക..അക്ഷരതെറ്റുകള്‍ കണ്ടു പിടിക്കാന്‍ സാധിക്കും !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  3. നന്നായിട്ടുണ്ട് :)
    ചില അക്ഷരതെറ്റുകള്‍ എന്നെപോലെ നിനക്കും വന്നു ഭവിചിട്ടുണ്ട് ...ശ്രദ്ദിക്കുക !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  4. നന്നായിട്ടുണ്ട്
    ആശംസകളോടെ
    അസ്രുസ്

    Pls ...change your comment location :
    settings >>>post and comment >>comment location >>Embedded >>save settings

    ReplyDelete
  5. ആ അപ്രൂവാല്‍ ഒഴിവാക്കുക ..
    പിന്നേം പിന്നേം എന്നെകൊണ്ട്‌ കമന്റ് ഇടീക്കരുത്
    ഹും ,,,,,,,,,,,,,,,,!!

    ReplyDelete
  6. പ്രിയ ഇരുമ്പഴി ഇപ്പോള്‍ ശരിയായിട്ടുന്ടെന്നാണ് തോന്നുന്നത് ..
    നന്ദി ഈ വീക്ഷണത്തിനും അഭിപ്രായത്തിനും ..

    ReplyDelete
  7. പ്രിയ ഷാജു വളരെ നന്ദി താങ്കളുടെ അഭിപ്രായത്തിനും വായനക്കും ...

    ReplyDelete
  8. Anonymous12/14/2012

    വായിച്ചു. നന്നായിട്ടുണ്ട്. ആശംസകള്‍ ...

    ReplyDelete
  9. വായിച്ചു. നന്നായിട്ടുണ്ട്.. ആശംസ ..

    ReplyDelete