Followers

26.2.13

സ്റ്റാറ്റസ്
നാട്ടില്‍ നിന്നും ഉള്ള നിര്‍ത്താതെയുള്ള ഫോണ്‍ വിളി കണ്ടാണ്‌ അവന്‍ ഫേസ്ബുക്കില്‍ നിന്നും തിരിഞ്ഞത് .തന്റെ പുതിയ പോസ്റ്റിനു വേണ്ടി വരികള്‍ ഖണ്ഡികകളായി പോയി കൊണ്ടിരിക്കുകയായിരിന്നു.
അയാള്‍ ഫോണ്‍ എടുത്തു നാട്ടിലേക്ക് തിരികെ വിളിച്ചു.

വടക്കെകരത്തെ ആയിഷത്താടെ പേരകുട്ടീനെ ഞങ്ങള്‍ ഇന്നലെ ഒരു കല്യാണത്തിനു വെച്ച് കണ്ടിരിന്നു, നല്ല ചേലുണ്ട് ഞങ്ങള്‍ ഓളെ പോയി ഒന്ന് പെണ്ണ് കാണട്ടെ നിനക്ക് വേണ്ടി ? നീ കണ്ടിട്ടുണ്ടാവല്ലോ ഓളെ .

ഫോണ്‍ എടുത്തതും മറ്റൊന്നും ചോദിക്കാതെ ഉമ്മ കാര്യം പറഞ്ഞു

എന്തൊക്കെയാ ഉമ്മ നിങ്ങളീ പറയുന്നേ ?

എടാ ഇജ്ജ് അടുത്ത മാസം വരാന്നല്ലേ പറഞ്ഞ്?

അതെ

ആ അന്റെ കല്യാണം നടത്താന്നു ഞങ്ങളങ്ങു തീരുമാനിച്ചു

അതിനുമ്മ ഇപ്പൊ ന്റെ കയ്യില്

അതൊന്നും ഇക്കറീല ന്നെ കൊണ്ട് ഇനി ഒറ്റയ്ക്ക് വയ്യ .നബീസാതാടെ മോളാണ് മുംതാസ് നീ ഓളെ കണ്ടിട്ടില്ലേ ? നല്ല കുട്ട്യ തന്കപെട്ട സ്വഭാവും

ഉം... കണ്ടിട്ടൊക്കെ ഉണ്ട്

എന്നാ ഞങ്ങള്‍ പോയി ഓളെ കാണട്ടെ ട്ടോ, ബാക്കി ഒക്കെ നീ വന്നിട്ടാകാം ..

അതല്ല ഉമ്മ നബീസാത്ത ... അവര്‍ക്കിപ്പോ എന്താ ഉള്ളത് .. നല്ലൊരു വീടുപോലും ഇല്ല , പിന്നെ..

അതിനു നീ ഒളോടെ അല്ലോല്ലോ പൊറുക്കണത്? ഓളെ ഇങ്ങട് കൊണ്ടാരല്ലേ !

അതല്ല .. ഓല് സാമ്പത്തികമായി ..

സാമ്പത്തികം അതിനു നമുക്ക് എന്ത് കുന്താ ഉള്ളത് ?

അതല്ല ഉമ്മ , കായി ഇക്ക് മാണ്ട , ഇച്ചിരി പണ്ടം തരാന്‍ കൂടി അവര്‍ക്ക് കയ്യൂലങ്കില്‍ . !

നീയല്ലേ പറയാറ് ആനയ്ക്ക് പണ്ടോം പണോം ഒന്ന് മാണ്ടാ ഇജ്ജു അതിനു കണക്കു പരീല്ലാ ന്നൊക്കെ ?

ഞാന്‍ കണക്കു പറീല ക്ക് മാണന്നും ഇല്ല്യ പക്ഷെ അവര്‍ക്ക് എന്തെങ്കിലും തരാന്‍ കയ്യെണ്ടേ .. ഒന്നും ഇല്ലാത്തോട്ന്നു കൊടുന്നിട്ടു പിന്നെ ...

ഉം ഉമ്മാക്ക് മനസ്സിലായി ...

അതല്ല ഉമ്മാ ഞാന്‍ പറഞ്ഞത് ....

ഉം .. ഇജ്ജു ഒരു കാര്യം ഓര്‍ക്കണം മോനെ അന്റെ താത്താനെ, ഹൈറുനെ കെട്ടിച്ചു വിടാന്‍ അന്റെ ബാപ്പ പെട്ട പെടാപാട്, ന്റേം അന്റെ ബാപ്പടെം മനസ്സ് ആ കാലത്ത് കത്തിയ കത്തല്, നിന്നെ ഒന്നും അന്ന് അറിയിച്ചിട്ടില്ല ബാപ്പയും ഞാനും,
അളിയന്‍ ഒന്നും ചോദിക്കാതെ വന്നിട്ട് പോലും പത്തു പവന്‍ പണ്ടം ഉണ്ടാക്കാന്‍ ബാപ്പ ഓടിയ ഒട്ടത്ത്ന്റെ കണക്കും ഉരുകിതീര്‍ന്ന മനസ്സിന്റെ വലിപ്പവും അനക്ക് പറഞ്ഞാ മനസ്സിലാകൂല.
ആ കഷ്ട്ടപാടിന്റെ വില അനക്ക് മനസ്സിലാകൂല .. അതെ പോലെ തന്നെ ആയിരിക്കും നീ കണക്കു പറഞ്ഞും പറയാതെയും വാങ്ങികൊണ്ട് വരുന്ന പണ്ടത്തിനു ആ കുട്ടീടെ ബാപ്പയും ഉമ്മയും ഇട്ട വില.
അറിഞ്ഞോ അറിയാതെയോ ഒരു ഉമ്മയുടെയോ ഉപ്പയുടെയോ മനസ്സ് കല്യാണപൊന്നിനു വേണ്ടി വേദനിപ്പിച്ചാല്‍ പിന്നെ നിന്റെ ജീവിതത്തിനു ബര്‍ക്കത്ത് കിട്ടാന്‍ നീ ആ പൊന്നൊക്കെ കൊടുത്താലും ചിലപ്പോ മതിയായെന്നു വരില്ല ...
ഞാന്‍ പറഞ്ഞന്നേ ഉള്ളൂ, ഉമ്മ പറഞ്ഞിട്ടല്ലേ എന്ന് പിന്നീട് പറയരുത് . നിന്റെ ജീവിതമാണ് അല്ലാഹുവിനോട് ഇജ്ജാണ് പറയേണ്ടി വരിക .. അതോണ്ട് ഇജ്ജ് തീരുമാനിച്ചിട്ടു അറിയിച്ചാ മതി എന്നിട്ട് ഞങ്ങള്‍ പൊയ്ക്കോളാം ...
ആ പിന്നെ , മുംതാസ് നല്ല കുട്ട്യാണ്‌. നീ കണക്കു വെക്കുന്ന പോന്നിനെക്കാളും പണത്തിനെക്കാളും വിലയുണ്ട്‌ അവള്‍ക്കു ..

ഉമ്മ ഫോണ്‍ കട്ട് ചെയ്തെങ്കിലും അവന്റെ കാതുകളില്‍ ഉമ്മയുടെ ഇടറിയ ശബ്ദം തങ്ങി നിന്നു . ഉമ്മയുടെ തേങ്ങലുകള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട്, ആകെ ഒരു മരവിപ്പാണ് ഇപ്പോള്‍ തോന്നുന്നത്, കസേരയിലേക്ക് ഒന്ന് ചാഞ്ഞിരിന്നു അയാള്‍ കണ്ണുകള്‍ തുടച്ചു. അല്‍പ നേരത്തെ ശൂന്യതയില്‍ നിന്നും തിരിച്ചു വന്നു ഫെസ്ബുക്കിലേക്ക് തിരിഞ്ഞു. ഖണ്ഡികകളായി തീര്‍ന്ന തന്റെ സ്ത്രീധന വിരുദ്ധ പോസ്റ്റിന്റെ അവസാന വാചകങ്ങള്‍ എന്ത് കുറിക്കണമെന്നറിയാതെ അവന്റെ വിരലുകള്‍ കീ ബോര്‍ഡിനു മുന്നില്‍ വിറങ്ങലിച്ചു. .
.

4 comments:

 1. നന്മ നിറഞ്ഞ ഉമ്മ ഇതുപോലെ ഉള്ള ഉമ്മമാര്‍ ഇവിടെ ജീവിച്ചിരുന്നു എങ്കില്‍ ഇന്ന് സ്ത്രീധനം എന്ന മലാമത്തിന്‍റെ പേരില്‍ ഒരു പെണ്ണും കണ്ണീര്‍ കുടിക്കേണ്ട ഗതികേട് വരില്ലായിരുന്നു ആശംസകള്‍

  ReplyDelete

 2. ഇന്ന് രണ്ടുപുറവും ഉണ്ട് ..
  പല ആളുകളും വാക്കുകളിലൂടെ കസര്‍ത്ത് നടത്തുന്നത് കാണാം പക്ഷെ അവര്‍ക്ക് അത് യഥാര്‍ത്ഥമാക്കാന്‍ കഴിയാറില്ല .. അത് മാതാപിതാക്കളുടെ പ്രേരണകള്‍ കൊണ്ട് മാത്രമാവില്ല അങ്ങനെയും ഉണ്ട് പക്ഷെ ഇവിടെ കാര്യങ്ങള്‍ തിരിച്ചാണ് ..

  ReplyDelete
 3. സ്ത്രീ ഒരു ധനമാണെന്ന് സമൂഹം മനസിലാക്കട്ടെ

  ReplyDelete
 4. വളരെ നന്നായിട്ടുണ്ട്, ചിന്തിക്കാന്‍ ഒരു വിഷയം ഇട്ടു തന്നതിന് നന്ദി...

  ReplyDelete